മന്ത്രിസഭ വിപുലീകരിച്ച് വിജയ്; നീണ്ട 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് ഭരണത്തിലേക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്‌യും ചടങ്ങിൽ പങ്കെടുത്തു.
മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്‌യും ഒൻപത് മന്ത്രിമാരും ആദ്യം അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വിപുലീകരണം നടത്തിയത്.
രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ. നീണ്ട അഞ്ചു പതിറ്റാണ്ടിന് ശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്സെൽവൻ, എ. വിജയ് തമിഴൻ പാർത്ഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിസ്നേഷ് എന്നിവരാണ് ടിവികെയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ.
സർക്കാരിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനും വിസികെയ്ക്കും വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇവർ മന്ത്രിമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവർ കൂടി ഉടൻ മന്ത്രിസഭയുടെ ഭാഗമാകും.
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെ 36 മന്ത്രിമാർ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയും 32 മന്ത്രിമാരുമാണ് ഉള്ളത്. ഇനി മൂന്ന് ഒഴിവുകൾ കൂടിയുണ്ട്. ലീഗും വിസികെയും മന്ത്രിമാരെ നിശ്ചയിക്കുന്നതോടെ ആകെ മന്ത്രിമാരുടെ എണ്ണം 35 ആകും.