02/06/2026
[fontresizer_tawhidurrahmandear_widget]

‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി ട്രംപ്

 ‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി ട്രംപ്

ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി.

‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് ഇറാൻ എന്നൊരു കാര്യമുണ്ട്… ഞാൻ പങ്കെടുത്താൽ, ഞാൻ കൊല്ലപ്പെടും. ഞാൻ പങ്കെടുത്തില്ലെങ്കിൽ, ഞാൻ കൊല്ലപ്പെടും. തീർച്ചയായും വ്യാജ വാർത്തകൾ വരും’ ട്രംപ് പറഞ്ഞു. യുദ്ധ പ്രതിസന്ധി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ താൻ കല്യാണത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അത് ഏതു രീതിയിലാകും ചിത്രീകരിക്കുക എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിൻ്റെ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഉടനടി വലിയ തോതിൽ ശ്രദ്ധ ആകർഷിച്ചു. ട്രംപ് മാധ്യമങ്ങളെ ലക്ഷ്യം വെച്ചാണ് വിരൽ ചൂണ്ടിയതെങ്കിലും, ഇറാൻ സാഹചര്യം വൈറ്റ് ഹൗസിന് എത്രമാത്രം വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട് എന്ന് അടിവരയിടുന്നതാണ് ട്രംപിൻ്റെ ഈ പ്രതികരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവിലയിരുത്തൽ.

ഈ വാരാന്ത്യത്തിലാണ് 48 വയസ്സുകാരനായ ഡോണൾഡ് ട്രംപ് ജൂനിയറിൻ്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബെറ്റിന ആൻഡേഴ്സനാണ് വധു. ബഹാമാസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത ആഡംബര റിയൽ എസ്റ്റേറ്റ് ശൃംഖലയായ ‘ദി ട്രംപ് ഓർഗനൈസേഷൻ്റെ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി ചുമതല വഹിക്കുകയാണ് ട്രംപ് ജൂനിയർ. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ ഒരിക്കൽ മത്സരിച്ചേക്കുമെന്ന സൂചനകൾ കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ജൂനിയർ പങ്കുവെച്ചിരുന്നു.

Also read: