ദേശീയപാതയിൽ സിസി ടിവി സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കങ്ങൾ പാകിസ്താന് ചോർത്തി; പഞ്ചാബ് സ്വദേശി അറസ്റ്റിൽ
പത്താൻകോട്ട്: പഞ്ചാബിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും അർധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ തന്ത്രപ്രധാന വിവരങ്ങളും നീക്കങ്ങളും പാകിസ്താന് ചോർത്തി നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക്ക് ധരിവാൾ സ്വദേശിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് പിടിയിലായത്.
സൈനിക വാഹനങ്ങളുടെയും സുരക്ഷാ സേനകളുടെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44-ലെ പത്താൻകോട്ട്-ജമ്മു റൂട്ടിലുള്ള ഒരു പാലത്തിന് സമീപത്തെ കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഈ ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ചാര സംഘടനയിലെ അംഗങ്ങൾക്ക് ഇയാൾ കൈമാറിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദൽജീന്ദർ സിങ് ധില്ലൻ അറിയിച്ചു.
പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ, കഴിഞ്ഞ ജനുവരിയിൽ സുജാൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ താൻ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ ഘടിപ്പിച്ചിരുന്നതായി ബൽജിത് സിങ് സമ്മതിച്ചു. ദുബായിലുള്ള ഒരു അജ്ഞാതൻ്റെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. പ്രതിയിൽ നിന്നും സിസിടിവി ക്യാമറയും ഇന്റർനെറ്റ് വൈഫൈ റൂട്ടറും പൊലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
പത്താൻകോട്ട്-ജമ്മു ദേശീയപാത കേന്ദ്രീകരിച്ച് രാജ്യവിരുദ്ധമായ സംശയാസ്പദ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കർശന പരിശോധന നടത്തിയത്. തുടർന്ന് സുജൻപൂർ പൊലീസ് ഈ സംഭവത്തിൽ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിടിയിലായ ബൽജിത് സിങ്ങിന് പുറമെ വിക്ക എന്ന വിക്രംജിത് സിങ്, വിക്കി എന്ന ബൽവീന്ദർ സിങ്, തനു എന്ന തരൺപ്രീത് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ എല്ലാവരും തന്നെ ഒത്തുകളിച്ച് വലിയ രീതിയിലുള്ള ക്രിമിനൽ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ ചാര ശൃംഖലയുടെ അതിർത്തി കടന്നുള്ള മറ്റ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയ ഫണ്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനുമായി വിപുലമായ അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കേസിൽ ഒളിവിലുള്ള ബാക്കി പ്രതികളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.