20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന തിരിച്ചറിവിൽ പാർട്ടിക്കകത്ത് കൂട്ടത്തോടെയുള്ള കൂടുമാറ്റത്തിനു നീക്കം നടക്കുന്നതായാണു വിവരം. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 ലോക്സഭാ എംപിമാരും ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ ഏത് നിമിഷവും പാർട്ടിയിൽ ചേരുമെന്നുമാണ് ബിജെപി എംപി സൗമിത്ര ഖാൻ അവകാശപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ കൃത്യം 20 എംപിമാരുടെ പിന്തുണ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് സൂചന. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അഹങ്കാരമാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും അഴിമതി നടത്തിയവർ ജയിലിലേക്ക് പോകേണ്ടി വരുമെന്നും സൗമിത്ര ഖാൻ പറയുന്നു.
ഇതിനിടയിലാണ്, പാർട്ടിയെ അപ്പാടെ ഞെട്ടിച്ചുകൊണ്ട് നാല് തവണ തൃണമൂൽ എംപിയായ കാക്കോലി ഘോഷ് ദസ്തിദാർ എല്ലാ സംഘടനാ ചുമതലകളിൽനിന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്നും രാജിവെച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന ഭരണപരമായ അവലോകന യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇവർ മമതയ്ക്ക് രാജി സമർപ്പിച്ചത്. പാർട്ടിക്കുള്ളിലെ കടുത്ത അഴിമതിയും ക്രിമിനൽവൽക്കരണവുമാണ് തന്നെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കാക്കോലി തുറന്നടിച്ചു.
‘സംസ്ഥാനത്ത് നടന്ന റേഷൻ അഴിമതിയും അധ്യാപക നിയമന അഴിമതിയും ജനങ്ങളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതിനെല്ലാം പുറമെ ആർ.ജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ ദാരുണമായ കൊലപാതകവും അത് മൂടിവെക്കാൻ പാർട്ടി തലത്തിൽ നടന്ന ശ്രമങ്ങളും എന്നെ മാനസികമായി തളർത്തി. എന്റെ മനസ്സാക്ഷി എന്നെ വേട്ടയാടുന്നു.’-അവർ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ഐ-പാക് ഏജൻസിയുടെ അഹങ്കാരവും തൃണമൂലിനെ തകർത്തുവെന്ന് കാക്കോലി കൂറ്റപ്പെടുത്തുന്നുണ്ട്.
സംസ്ഥാന ഭരണത്തിന് പിന്നാലെ തൃണമൂലിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും ബിജെപി പിടിച്ചെടുക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കകം ബംഗാളിലെ വിവിധ നഗരസഭകളിലെ നൂറോളം തൃണമൂൽ കൗൺസിലർമാരാണ് ഇതിനകം രാജിവെച്ചത്. പല മുനിസിപ്പൽ ബോർഡുകളും ഏത് നിമിഷവും താഴെ വീഴാം എന്ന അവസ്ഥയിലാണ്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുമ്പ് 34 വർഷത്തെ ഭരണം നഷ്ടപ്പെട്ടതിന് ശേഷം സിപിഎമ്മിന് ബംഗാളിൽ സംഭവിച്ച അതേ രാഷ്ട്രീയ അസ്തമയത്തിലേക്കാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസും നീങ്ങുന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ പഴയ അഴിമതിക്കേസുകൾ ശക്തമാക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് കരുതപ്പെടുന്നത്.