‘ഇസ്രയേലിനെ സ്വീകരിക്കുന്നവർ നശിപ്പിക്കപ്പെടും’; പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി ലഷ്കറെ തയിബ
ഇസ്‌ലാമാബാദ്: ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യം ആലോചിച്ചാൽപ്പോലും പാകിസ്താന്റെ പരമോന്നത ഭരണ-സൈനിക നേതൃത്വത്തെ ഒന്നടങ്കം നശിപ്പിച്ചുകളയുമെന്ന് ആഗോള ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പരസ്യ ഭീഷണി. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുറാലിയിലാണ് ലഷ്കർ ഉപമേധാവി സൈഫുല്ല ഖസൂരി പാക് സർക്കാരിനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ മുതിരുന്നവർ കൊല്ലപ്പെടുമെന്ന് പ്രഖ്യാപിക്കുന്ന ഖസൂരിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടിയാണ് ഇയാൾ.
ഏബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ പാകിസ്താൻ ഉൾപ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള ഭീകരസംഘടനയുടെ പ്രതികരണമായാണ് ഈ കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം നടന്ന റാലിയിലായിരുന്നു ഖസൂരിയുടെ ഈ വിവാദ പ്രസ്താവന. ഇസ്രയേലുമായി ബന്ധപ്പെട്ട് പാകിസ്താൻ വർഷങ്ങളായി തുടരുന്ന വിദേശനയം മാറ്റാൻ ശ്രമിച്ചാൽ അതിനെ ആയുധം കൊണ്ട് ചെറുക്കുമെന്നും, ഇസ്രയേലിന് ഔദ്യോഗിക പദവി നൽകാൻ ലോകത്തിലെ ഒരു ശക്തിക്കും ഇസ്‌ലാമിക രാജ്യങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും ഖസൂരി അവകാശപ്പെട്ടു.
“ഇസ്രയേലിനെ സ്വീകരിക്കുന്നവർ രാജ്യത്ത് നശിപ്പിക്കപ്പെടും. ഈ മുസ്‌ലിം രാഷ്ട്രം ഞങ്ങളുടെ വിശ്വാസമാണ്. ഏക ദൈവമായ അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിങ്ങൾ ഞങ്ങളോടൊപ്പം ചേരുന്നതുവരെ ശത്രുത തുടരും,” ഖസൂരി പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിരോധ രംഗത്ത് പാകിസ്താനും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വളർന്നുവരുന്നത് ചൂണ്ടിക്കാട്ടിയ ഇയാൾ, പാകിസ്താന്റെ സൈനിക ശക്തിക്ക് ഇസ്രയേലിന്റെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും വാദിച്ചു. പാകിസ്താനിൽ നിന്ന് ഇസ്രായേലിലേക്ക് 4,000 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഇന്നത്തെ പാക് സൈനികശക്തിക്ക് അതൊരു വലിയ ദൂരമല്ലെന്ന വിചിത്രമായ അവകാശവാദവും ഭീകരൻ ഉന്നയിച്ചു.
അതേസമയം, ഏബ്രഹാം ഉടമ്പടിയുടെ ഭാഗമാകാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണത്തിനായി ട്രംപ് മുൻകൈയെടുത്ത് 2020-ൽ യാഥാർഥ്യമാക്കിയ ചരിത്ര കരാറാണിത്. എന്നാൽ, പാകിസ്താൻ ഇന്നേവരെ ഇസ്രയേലിനെ ഒരു രാജ്യമായി ഔദ്യോഗികമായി അംഗീകരിക്കുകയോ നയതന്ത്ര ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.