02/06/2026
[fontresizer_tawhidurrahmandear_widget]

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ; സൈന്യത്തിന് നെതന്യാഹുവിന്റെ നിർദ്ദേശം

 ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ; സൈന്യത്തിന് നെതന്യാഹുവിന്റെ നിർദ്ദേശം

ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ അധികാരം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെയുള്ള നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ഗാസയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഇത് മുൻപ് 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണം 70 ശതമാനത്തിലേക്ക് ഉയർത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിൽ നെതന്യാഹു പരസ്യമാക്കി. ഹമാസുമായി പരോക്ഷമായ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ടുപോകുന്നതിനിടയിലാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം.

അതേസമയം, വെടിനിർത്തൽ ധാരണകൾ നിലവിൽ വന്നതിന് ശേഷവും ഇസ്രായേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഏകദേശം 900 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബറിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പ്രകാരം നിശ്ചയിച്ചിരുന്ന അതിർത്തിരേഖകൾ ഏകപക്ഷീയമായി ലംഘിച്ചാണ് ഇസ്രായേൽ സൈന്യം മുന്നോട്ട് കുതിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേലിന്റെ ഈ കടന്നുകയറ്റം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതോടെ, ഗാസയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങൾ കൂടുതൽ ഇടുങ്ങിയ ഭൂപ്രദേശങ്ങളിലേക്ക് ഒഴിഞ്ഞുപോകുവാൻ നിർബന്ധിതരാവുകയാണ്. നിലവിൽ തന്നെ ഗാസയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ട അവസ്ഥയിലാണ് തുടരുന്നത്.

ഗാസയിലെ ആധിപത്യം വർദ്ധിപ്പിക്കുന്നതിന് പുറമെ, തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടികളും ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ലെബനനിലെ വലിയൊരു മേഖലയെ ‘യുദ്ധമേഖലയായി’ പ്രഖ്യാപിച്ച ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്, അവിടുത്തെ പ്രാദേശിക താമസക്കാരോട് വടക്ക് ഭാഗത്തേക്ക് അടിയന്തരമായി മാറിത്താമസിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ 120-ലധികം ശക്തമായ വ്യോമാക്രമണങ്ങളാണ് ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയത്.

Also read: