സിജെപിയുടെ എക്സ് അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാനാവില്ല; ഹർജി തള്ളി ഡൽഹി ഹൈക്കോടതി, കേന്ദ്രത്തിനും എക്സിനും നോട്ടീസ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പൂട്ടിയ എക്സ് അക്കൗണ്ട് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നിരസിച്ചു. സോഷ്യൽ മീഡിയയിലെ വിലക്കിനെതിരെ നിയമപോരാട്ടം നടത്തുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് കോടതിയുടെ ഈ നിലപാട് തിരിച്ചടിയായി.
അക്കൗണ്ടിൽ പങ്കുവെച്ച ചില ഉള്ളടക്കങ്ങൾ “അല്പം കുറ്റകരമാണ്” എന്ന് പ്രാഥമികമായി നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. വിഷയത്തിൽ സർക്കാരിന്റെയും എക്സ് പ്ലാറ്റ്ഫോമിന്റെയും വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കൃത്യമായി കേൾക്കുമെന്ന് ഉറപ്പുനൽകിയ കോടതി, കേന്ദ്രത്തിനും എക്സിനും നോട്ടീസ് അയച്ചു.
സിജെപിക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ, അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് മുൻപ് കോടതികൾ സമാനമായ കേസുകളിൽ ഇടക്കാല ആശ്വാസം നൽകിയ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ, മുൻ കേസുകളും ഈ കേസും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഈ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ അല്പം കുറ്റകരമായ രീതിയിലുള്ളതാണെന്ന് തോന്നുന്നതായും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്ത കോടതി പരാമർശത്തിൽ പറയുന്നു. ഉടനടി ഇളവ് നൽകിയില്ലെങ്കിലും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തടയുന്ന ഉത്തരവുകൾ പരിശോധിക്കുന്ന കേന്ദ്രത്തിന്റെ അവലോകന സമിതിക്ക് മുന്നിൽ ദിപ്കെയ്ക്ക് തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് അഭിജീത് ദിപ്കെ എക്സിൽ ‘സിജെപി’ എന്ന പേരിൽ ആക്ഷേപഹാസ്യ പേജ് ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ഈ പേജിലെ ഫോളോവേഴ്സിന്റെ എണ്ണം ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിനെ മറികടന്നതിന് തൊട്ടുപിന്നാലെയായിരുന്നു അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത്. പിന്നീട് ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച അക്കൗണ്ടും സമാന രീതിയിൽ പൂട്ടിയെങ്കിലും ദിവസങ്ങൾക്ക് ശേഷം അത് തിരികെ നൽകിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാർ നയങ്ങളിലും വിയോജിപ്പുള്ള യുവാക്കളാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സിൽ ഭൂരിഭാഗവും എന്നാണ് പൊതു വിലയിരുത്തൽ. നിരവധി പ്രതിപക്ഷ നേതാക്കളും ഈ പേജിനെ പിന്തുണച്ച് മുൻപ് രംഗത്തെത്തിയിരുന്നു.