ട്രംപിന്റെ മകൾ ഇന്ത്യയിൽ; താജ്മഹലും അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച് ടിഫാനി ട്രംപ്
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഭർത്താവും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ടിഫാനിയുടെ ഇന്ത്യൻ പര്യടനം. സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രവും ആഗ്രയിലെ ലോകത്ഭുതമായ താജ്‌മഹലും ഇവർ സന്ദർശിച്ചു. ക്ഷേത്ര സന്ദർശന വേളയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ടിഫാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിയ ടിഫാനിക്കും സംഘത്തിനും അധികൃതർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ക്ഷേത്ര അധികൃതർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഈ സന്ദർശനത്തിന്റെ വിവരങ്ങൾ പങ്കുവെച്ചു. “സംസ്കാരവും പൈതൃകവും അടുത്തറിഞ്ഞ മനോഹരമായ ഒരു ദിവസം. ടിഫാനി ട്രംപിനെയും മൈക്കൽ ബൂലോസിനെയും അവരുടെ സുഹൃത്തുക്കളെയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,” എന്ന് അധികൃതർ കുറിച്ചു.
അക്ഷർധാം സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാവിലെയാണ് ടിഫാനിയും ഭർത്താവും താജ്‌മഹൽ കാണാനെത്തിയത്. ആഗ്രയിലെ സന്ദർശനം പൂർത്തിയാക്കി ഇവർ രാജസ്ഥാനിലെ ജയ്‌സാൽമീറിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങൾ. തികച്ചും സ്വകാര്യമായ സന്ദർശനമാണെങ്കിലും, അതീവ സുരക്ഷാ പ്രാധാന്യമുള്ള വ്യക്തികളായതിനാൽ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഇവരെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു. ഡൊണാൾഡ് ട്രംപിന്റെയും മുൻ ഭാര്യ മാർല മെയ്പിളിന്റെയും മകളായ ടിഫാനി 2020-ൽ ജോർജ്ജൗൺ യൂണിവേഴ്‌സിറ്റി ലോ സെന്ററിൽ നിന്ന് നിയമബിരുദം നേടിയിട്ടുണ്ട്. 2022 നവംബർ 12-നായിരുന്നു അമേരിക്കൻ-ലെബനീസ് വംശജനായ മൈക്കൽ ബൂലോസുമായുള്ള ടിഫാനിയുടെ വിവാഹം.