അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി
കല്യാൺ ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ അഭിഷേക് ബാനർജി എംപിയെ കഴിഞ്ഞദിവസം ചീമുട്ടയെറിഞ്ഞാണ് ഒരു സംഘം നേരിട്ടത്. സ്ത്രീകളുൾപ്പടെയുള്ള നാട്ടുകാർ സംഘടിതമായി എത്തി അഭിഷേകിനെ തടയുകയും ‘കള്ളൻ കള്ളൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. അദ്ദേഹം സഞ്ചരിച്ച വാഹനം അടിച്ചുതകർത്ത അക്രമികൾ, ഷർട്ട് വലിച്ചുകീറുകയും കണ്ണട പൊട്ടിച്ച് വലിച്ചെറിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പ്രവർത്തകരും ചേർന്ന് വലയം തീർത്ത്, ഹെൽമറ്റ് ധരിപ്പിച്ചാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റിയത്. എന്നാൽ നാട്ടുകാർ ഈ വീടും വളഞ്ഞ് വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമം നടത്തി.
കൊല്ലപ്പെട്ട സഞ്ജു കർമകാർ എന്ന തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദർശിക്കാനാണ് അഭിഷേക് എത്തിയിരുന്നത്. എന്നാൽ ഇയാൾ തൃണമൂലിന്റെ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധനും ഗുണ്ടയുമായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പിന്നീട് കേന്ദ്ര സേനയും കൂടുതൽ പോലീസും സ്ഥലത്തെത്തിയാണ് അഭിഷേകിനെ അവിടെനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്. തന്റെ സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചിട്ടും പോലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന കടുത്ത പരാതിയും അഭിഷേക് ബാനർജി ഉയർത്തിയിട്ടുണ്ട്.