വീണക്കും സിഎംആർഎല്ലിനും തിരിച്ചടി: ഇഡി അന്വേഷണത്തിൽ അടിയന്തര സ്റ്റേ ഇല്ല
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്.
കേസിൽ വാദം ആരംഭിച്ച കോടതി ആദ്യം സി.എം.ആർ.എല്ലിൻ്റെ ഭാഗമാണ് കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ വിവരങ്ങളും പരിശോധിച്ച ശേഷം, വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ ഇനി ഇത് വൈകിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. തുടർന്ന് ഇന്ന് തന്നെ കേസിൽ വാദം പൂർത്തിയാക്കാമോ എന്ന് ഇരുവിഭാഗത്തോടും ആരാഞ്ഞ ശേഷമാണ് കോടതി തുടർനടപടികളിലേക്ക് കടന്നത്.
ഇ.ഡിയുടെ അന്വേഷണ നടപടികളെയും സമൻസിനെയും ചോദ്യം ചെയ്‌ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ ഇ.ഡിക്ക് അന്വേഷണം നടത്താൻ അധികാരമില്ലെന്നായിരുന്നു സി.എം.ആർ.എല്ലിൻ്റെ പ്രധാന വാദം. എന്നാൽ 2026 മേയ് 26-ന് ഹൈക്കോടതി ഈ ഹർജികൾ പൂർണ്ണമായി തള്ളുകയാണുണ്ടായത്. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയ് 27-ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇ.ഡി വ്യാപകമായ റെയ്ഡ് നടത്തിയത്.
അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാതിരുന്ന കോടതി നടപടി സി.എം.ആർ.എല്ലിന് മാത്രമല്ല, എക്സലോജിക് സൊല്യൂഷൻസിനും അതിന്റെ ഉടമയായ ടി. വീണയ്ക്കും വലിയ തിരിച്ചടിയാണ്. അന്വേഷണത്തിന് തടസ്സമില്ലാത്തതിനാൽ വീണയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്കോ, വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെടുന്നതിലേക്കോ ഇ.ഡി കടക്കാൻ സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ഇതിന് പിന്നിൽ ‘വി.ഡി-ഇ.ഡി-മോദി’ കൂട്ടുകെട്ടാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.