02/06/2026
[fontresizer_tawhidurrahmandear_widget]

അവിഹിതബന്ധം ചോദ്യം ചെയ്ത മകനെ കൊന്ന് കുഴിച്ചുമൂടി, കാണാനില്ലെന്ന് പരാതി നൽകി; ഒടുവിൽ പിടിയിൽ

 അവിഹിതബന്ധം ചോദ്യം ചെയ്ത മകനെ കൊന്ന് കുഴിച്ചുമൂടി, കാണാനില്ലെന്ന് പരാതി നൽകി; ഒടുവിൽ പിടിയിൽ

കർണൂൽ: കാമുകനുമായുള്ള അവിഹിതബന്ധം എതിർത്ത 15 വയസുകാരനായ മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ അമ്മ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കർണൂലിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. വീരേന്ദ്ര എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം ശ്രദ്ധയിൽപ്പെട്ട കുട്ടി ഇതിനെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ബന്ധുക്കളെയും അയൽവാസികളെയും അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഗംഗമ്മ മകനുമായി നിരന്തരം വഴക്കിട്ടിരുന്നു. ദർഗപ്പ വീട്ടിൽ വരുന്നത് വീരേന്ദ്ര ശക്തമായി എതിർത്തതോടെ കുട്ടിയെ വകവരുത്താൻ ഇവർ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് ഗംഗമ്മയും കാമുകനും ചേർന്ന് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു.

തന്റെ മേൽ സംശയം വരാതിരിക്കാൻ ഗംഗമ്മ തന്നെയാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസിനൊപ്പം ചേർന്ന് ഗ്രാമം മുഴുവൻ മകനെ തിരയുന്ന നാടകവും ഇവർ നടത്തി. ഇതിനുപുറമേ, മകനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഗംഗമ്മ ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുന്നത്.

പ്രത്യേക അന്വേഷണസംഘം ഗംഗമ്മയെ നിരീക്ഷിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. ഗംഗമ്മയുടെയും കാമുകനായ ദർഗപ്പയുടെയും മൊഴികളിലെ വൈരുധ്യവും ഇരുവരുടെയും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ചതോടെ പൊലീസിന് കൃത്യമായ സൂചന ലഭിച്ചു. കൂടാതെ നാട്ടുകാരിൽ നിന്ന് ശേഖരിച്ച മൊഴികളും ഗംഗമ്മയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടിയത്. തുടർന്ന് നടത്തിയ ശക്തമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്മശാനത്തിൽ നടത്തിയ തിരച്ചിലിൽ വീരേന്ദ്രന്റെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു.

Also read: