03/06/2026
[fontresizer_tawhidurrahmandear_widget]

സിബിഎസ്ഇ അഴിമതി പൊളിച്ച പ്ലസ്ടുക്കാരൻ; സാർത്ഥക്കിനെ കണ്ട് രാഹുൽ ഗാന്ധി

 സിബിഎസ്ഇ അഴിമതി പൊളിച്ച പ്ലസ്ടുക്കാരൻ; സാർത്ഥക്കിനെ കണ്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ‘ഓൺ-സ്‌ക്രീൻ മാർക്കിങ്’ ടെൻഡറുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന 17കാരനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. സാർത്ഥക് സിദ്ധാന്തിനെയാണ് രാഹുൽ നേരിൽ കണ്ട് അഭിനന്ദിച്ചത്. പാർലമെന്റ് ഹൗസിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയും സാർത്ഥകും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ ഭയമില്ലാതെ പോരാടിയ റാഞ്ചി സ്വദേശിയായ ഈ പ്ലസ് ടു വിദ്യാർത്ഥിയെ പ്രശംസിച്ചുകൊണ്ട് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചു. സാർത്ഥകിന്റെ പേരിന്റെ അർത്ഥത്തെയും അവന്റെ പോരാട്ടവീര്യത്തെയും ചേർത്തുവെച്ചുകൊണ്ട്, ‘സാർത്ഥക്, നിന്റെ സിദ്ധാന്തങ്ങളിൽ(തത്വങ്ങളിൽ) ഉറച്ചുനിൽക്കുക’ എന്ന് രാഹുൽ കുറിച്ചു. കൂടാതെ, കേന്ദ്ര ഗവൺമെന്റിന്റെ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടലിലെ വൻ ടെൻഡർ രേഖകൾ പരിശോധിച്ച് അഴിമതി കണ്ടെത്തിയതിനെ മുൻനിർത്തി ‘ടെൻഡർ ഇൻവെസ്റ്റിഗേറ്റർ’ എന്ന പേരും അദ്ദേഹം സാർത്ഥകിന് നൽകി.

സാർത്ഥക് സിദ്ധാന്ത് തന്റെ കണ്ടെത്തലുകൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. മറ്റൊരു പോസ്റ്റിൽ സാർത്ഥക്കിനെയും സഹോദരനെയും ‘എന്റെ സഹ രാജ്യദ്രോഹ സോറോസ് ഏജന്റുമാർ’ എന്ന് രാഹുൽ പരിഹാസരൂപേണ പരിചയപ്പെടുത്തി. ഇവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളും രാജ്യദ്രോഹ ആരോപണങ്ങളും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം.

കോൺഗ്രസ് എംപി ദിഗ്വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് മുൻപിൽ സിബിഎസ്ഇ ചെയർമാൻ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സാർത്ഥക് താൻ തയ്യാറാക്കിയ ഏഴു പേജുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

സാർത്ഥകിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ തൽസ്ഥാനത്തുനിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി മാറ്റിയിരുന്നു. ഒ.എസ്.എം സേവനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Also read: