സംസ്ഥാനത്ത് ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയാണ്. കൂടാതെ, കിഫ്ബിയുടെ വായ്പാബാധ്യത 21,000 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 78,851 കോടിയുമാണ്. നഷ്ടത്തിൽ കെഎസ്ആർടിസിയും ജല അതോറിറ്റിയുമാണ് മുന്നിൽ. വരുമാനത്തിന്റെ 77 ശതമാനവും നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് പണമില്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ മേയ് 16 വരെയുള്ള കണക്കനുസരിച്ച് ട്രഷറി നീക്കിയിരിപ്പ് 2,211 കോടി രൂപ മാത്രമാണ്.
ആസൂത്രണ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഡോ. കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകൾ, ട്രഷറി നീക്കിയിരിപ്പ്, കേന്ദ്ര വിഹിതം, ധനകാര്യസ്ഥിതി മെച്ചപ്പെടുത്താനുള്ള ശുപാർശകൾ എന്നിവ റിപ്പോർട്ടിലുണ്ട്.
അതേസമയം, ധവളപത്രത്തെച്ചൊല്ലി നിയമസഭയിൽ കടുത്ത രാഷ്ട്രീയപ്പോര് ദൃശ്യമായി. വിയോജന പ്രമേയവുമായി രംഗത്തെത്തിയ മുൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. നിയമസഭാ നടപടികൾ പാലിച്ചില്ലെന്നും ധവളപത്രം ധനവകുപ്പല്ല തയ്യാറാക്കിയതെന്നും ആരോപിച്ച പ്രതിപക്ഷം, ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി സതീശൻ തള്ളി. ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പിന്റെ നേതൃത്വത്തിലാണെന്നും നടപടിക്രമങ്ങൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിപ്പൊക്കിയ മിഥ്യകൾ ജനങ്ങൾ അറിയട്ടെയെന്നും, ഇത് രാഷ്ട്രീയ രേഖയല്ല, ഭാവി കേരളത്തിനായുള്ള അടിസ്ഥാന രേഖയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 10 വർഷത്തെ ഇടതുഭരണം കേരളത്തെ പാപ്പരാക്കിയെന്ന് യുഡിഎഫും, 5000 കോടിയിലധികം രൂപ ബാക്കി വെച്ചാണ് പടിയിറങ്ങിയതെന്ന് ഇടതുപക്ഷവും വാദിക്കുന്നതോടെ വരും ദിവസങ്ങളിലും ഈ വിഷയം സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കും.