10/06/2026
[fontresizer_tawhidurrahmandear_widget]

ഖാംനഇ കൊല്ലപ്പെടുമ്പോൾ ഞാൻ തൊട്ടരികെ ഉണ്ടായിരുന്നു; ഭീഷണി ഉണ്ടായിട്ടും അദ്ദേഹം ബങ്കറിലേക്ക് മാറിയില്ല-അബ്ബാസ് അരാഗ്ചി

 ഖാംനഇ കൊല്ലപ്പെടുമ്പോൾ ഞാൻ തൊട്ടരികെ ഉണ്ടായിരുന്നു; ഭീഷണി ഉണ്ടായിട്ടും അദ്ദേഹം ബങ്കറിലേക്ക് മാറിയില്ല-അബ്ബാസ് അരാഗ്ചി

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി.

ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ആ ഭീകരമായ നിമിഷങ്ങളെക്കുറിച്ച് അരാഗ്ചി ആദ്യമായി മനസ്സ് തുറന്നത്. യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കാനായി പാശ്ചാത്യ രാജ്യങ്ങളുമായി ജനീവയിൽ വെച്ച് നടന്ന അതീവ നിർണായകമായ നയതന്ത്ര ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് അരാഗ്ചി തെഹ്റാനിൽ തിരിച്ചെത്തുന്നത്. ‘വെള്ളിയാഴ്ച രാത്രിയാണ് ഞാൻ ജനീവയിൽനിന്നു മടങ്ങിയെത്തിയത്. ശനിയാഴ്ച രാവിലെ കൃത്യം ഒൻപതു മണിക്ക് ചർച്ചകളുടെ വിശദാംശങ്ങളും യുദ്ധസാധ്യതകളെക്കുറിച്ചുള്ള എന്റെ ഔദ്യോഗിക റിപ്പോർട്ടും സമർപ്പിക്കാനായി ഞാൻ പരമോന്നത നേതാവിന്റെ ഓഫീസിലെത്തി. ജനീവയിലെ അന്തരീക്ഷം വിലയിരുത്തിയതിൽനിന്ന് ഏത് നിമിഷവും ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന കടുത്ത യാഥാർത്ഥ്യമാണ് ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചത്. ഞങ്ങൾ സംസാരിച്ചിരിക്കവെയാണ് ആ ഭീകരമായ വ്യോമാക്രമണം ഉണ്ടായത്.’ അരാഗ്ചി ഓർക്കുന്നു.

ബങ്കറുകൾ നിരസിച്ച് ഖാംനഇ
യുദ്ധസാധ്യതയും വ്യോമാക്രമണ ഭീഷണിയും കനത്തതോടെ സുരക്ഷിതമായ ഭൂഗർഭ ബങ്കറുകളിലേക്കോ അതീവ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറാൻ സുരക്ഷാ ഉദ്യോഗസ്ഥരും കമാൻഡർമാരും പരമോന്നത നേതാവിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, മരണഭയമില്ലാത്ത ഒരു യഥാർത്ഥ ഭരണാധികാരിയെപ്പോലെ ഖാംനഇ ആ നിർദേശങ്ങളെല്ലാം പൂർണമായി നിരസിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോട് ഖാംനഇ പറഞ്ഞ ആ അവസാന വാക്കുകൾ അരാഗ്ചി അഭിമുഖത്തിൽ വെളിപ്പെടുത്തി:

”ഇറാനിലെ ഓരോ പൗരനും സുരക്ഷിതമായ ഒരിടം ലഭിക്കുന്നതുവരെ ഞാൻ ഒരു സുരക്ഷിത കേന്ദ്രത്തിലേക്കോ ബങ്കറിലേക്കോ മാറില്ല. എന്റെ ജനങ്ങൾക്ക് എന്ത് സംഭവിക്കുന്നോ, അത് എനിക്കും സംഭവിക്കട്ടെ… നമ്മൾ ഒരുമിച്ചുനേരിടും.”

ഭീഷണി നേരിട്ട നിമിഷങ്ങളിൽ പോലും യുദ്ധമുഖത്തെ തന്ത്രപരമായ തീരുമാനങ്ങൾക്കും പ്രതിരോധ നയങ്ങൾക്കും നേരിട്ട് ഉത്തരവുകൾ നൽകിക്കൊണ്ട് അദ്ദേഹം തന്റെ ഓഫീസിൽ തന്നെ സജീവമാകുകയായിരുന്നു. വെറുതെ ഭരിക്കുകയല്ല, മറിച്ച് ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു യഥാർത്ഥ നേതാവിന്റെ അടയാളമായിരുന്നു അതെന്ന് അരാഗ്ചി പ്രശംസിച്ചു.

അവശിഷ്ടങ്ങൾക്കിടയിലെ 48 മണിക്കൂർ നീണ്ട നടുക്കം
”യു.എസ്-ഇസ്രയേൽ സഖ്യത്തിന്റെ അതിശക്തമായ ബോംബാക്രമണത്തിൽ ഖാംനഇയുടെ ഓഫീസ് സമുച്ചയം തകർന്നു. ഞങ്ങൾ ഇരുന്നിരുന്ന കെട്ടിടത്തിന്റെ ആ പ്രത്യേക ഭാഗം പൂർണമായി തകർന്നിരുന്നില്ല. എങ്കിലും കെട്ടിടം ആക്രമണത്തിൽ തകർന്നുവീഴുകയും വലിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ഞാൻ അകപ്പെടുകയും ചെയ്തു. അവിടെനിന്നു പണിപ്പെട്ട് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ എന്റെ സ്വന്തം ജീവനെക്കുറിച്ചോ സുരക്ഷിതത്വത്തെക്കുറിച്ചോ എനിക്ക് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല. എന്റെ മനസ്സും ചിന്തകളും പൂർണമായും നേതാവിന് എന്ത് സംഭവിച്ചു എന്നതു മാത്രമായിരുന്നു.’

‘അദ്ദേഹത്തിന്റെ പതിവ് ദിനചര്യകളെക്കുറിച്ച് കൃത്യമായി അറിയാവുന്നതുകൊണ്ട് തന്നെ ബോംബിങ് നടക്കുമ്പോൾ നേതാവ് അദ്ദേഹത്തിന്റെ പ്രധാന ഓഫീസിൽ തന്നെ ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ആക്രമണത്തിൽ അദ്ദേഹം ലക്ഷ്യം വെക്കപ്പെട്ടിട്ടുണ്ടാകുമോ എന്ന ഭയം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു’-അരാഗ്ചി പറഞ്ഞു.

മിസൈൽ പതിച്ചതിന് ശേഷമുള്ള തുടർന്നുള്ള രണ്ട് ദിവസങ്ങൾ (48 മണിക്കൂർ) അതീവ വേദനാജനകമായിരുന്നു. അവശിഷ്ടങ്ങൾ മാറ്റുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമ്പോഴും പരമോന്നത നേതാവിന്റെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഒടുവിൽ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സയ്യിദ് അലി ഖാംനഇ വീരമൃത്യു വരിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. ആ സംഭവം തന്റെ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവ് ഒരിക്കലും ഉണങ്ങില്ലെന്ന് വിദേശകാര്യമന്ത്രി വിതുമ്പലോടെ കൂട്ടിച്ചേർത്തു.

ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച ഇറാന്റെ ഉയിർത്തെഴുന്നേൽപ്പ്
ഖാംനഇയുടെ രക്തസാക്ഷിത്വത്തോടെ ഇറാൻ പൂർണമായി തകരുമെന്നായിരുന്നു അമേരിക്കയും ഇസ്രയേലും കണക്കുകൂട്ടിയിരുന്നത്. അത് രാജ്യത്തിന്റെ വലിയൊരു തളർച്ചയായി മാറുമെന്നും ഭരണകൂടം തകരുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് തികച്ചും വിപരീതമായ കാര്യങ്ങളാണെന്ന് അരാഗ്ചി ചൂണ്ടിക്കാണിച്ചു.

‘വ്യക്തികളെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്ന ഒന്നല്ല ഇറാന്റെ ഭരണസംവിധാനം. വ്യക്തികൾക്കപ്പുറം ശക്തവും വ്യവസ്ഥാപിതവുമായ അടിത്തറയാണ് ഇറാൻ ഇസ്ലാമിക് റിപബ്ലിക്കിനുള്ളത്. അത് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ഉടനടി സജീവമാവുകയും, ഉന്നതതല കൗൺസിലുകൾ അടിയന്തരമായി യോഗം ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ പുതിയ പരമോന്നത നേതാവായി സയ്യിദ് മുജ്തബ ഖാംനഇയെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തു.’-അരാഗ്ചി ചൂണ്ടിക്കാട്ടി.

പിതാവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഇറാന്റെ പരമാധികാരം ഏറ്റെടുത്ത പുതിയ സുപ്രീം ലീഡർ മുജ്തബ ഖാംനഇയുടെ കീഴിൽ രാജ്യം കൂടുതൽ ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്. മുൻ പരമോന്നത നേതാവിനോട് ഇറാനിയൻ ജനതയ്ക്കും സൈന്യത്തിനും ഉണ്ടായിരുന്ന അതേ വിശ്വസ്തതയും അനുസരണയും ഇപ്പോൾ പുതിയ നേതാവിനോടുമുണ്ടെന്ന് വ്യക്തമാക്കിയ അരാഗ്ചി, നയതന്ത്ര ചർച്ചകളിൽ ഇറാന് കൃത്യമായ മേൽക്കൈ നേടിക്കൊടുക്കാൻ കഴിഞ്ഞതും ഖാംനഇ കുടുംബത്തിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യം കൊണ്ടാണെന്ന് ഓർമിപ്പിച്ചു.

Also read: