‘ഈ ജനക്കൂട്ടത്തെ കണ്ടോ..! ഇതൊരു തുടക്കം മാത്രം’; കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണയുമായി ധ്രുവ് റാഠി
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ ഓൺ-സ്‌ക്രീൻ മാർക്കിങ് ക്രമക്കേടുകൾ തുടങ്ങിയ പരീക്ഷാ വിവാദങ്ങളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിയ ആദ്യ ജനകീയ പ്രക്ഷോഭത്തിന് വൻ ജനപിന്തുണ. പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി പ്രതിഷേധ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സമരത്തിന് തന്റെ പിന്തുണ അറിയിച്ചു. വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയൊന്നുമില്ലാതിരുന്നിട്ടും ആയിരക്കണക്കിനു യുവാക്കളാണ് ഇന്ന് ജന്തർ മന്തറിലേക്ക് ഒഴുകിയത്.
‘ഈ ജനക്കൂട്ടത്തെ കണ്ടോ..! ഇത് ആദ്യത്തെ തെരുവ് പ്രക്ഷോഭ ആഹ്വാനം മാത്രമാണ്.’-ഇതൊരു തുടക്കം മാത്രമാണെന്ന് ധ്രുവ് റാഠി കുറിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും സി.ജെ.പി പ്രവർത്തകരും പങ്കെടുത്ത സമരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് റാഠി സി.ജെ.പിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന് മുന്നോടിയായി, റാഠി ഒരു വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ പൂർണമായും സമാധാനപരവും അഹിംസാത്മകവുമായ മാർഗങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്ന് അദ്ദേഹം ഈ വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു.
തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്'(Cockroaches) ഉപമിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ പരാമർശത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനമായി ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപപ്പെടുന്നത്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഇത് തൊഴിലില്ലായ്മ, പരീക്ഷാ തട്ടിപ്പുകൾ എന്നിവയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യയിലെ ജെൻസി തലമുറയുടെ ശക്തമായ വേദിയായി മാറി. അമേരിക്കയിൽനിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തിയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അഭിജീത് ദിപ്‌കെ, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ അഹിംസയുടെ പ്രതീകമായി പൂക്കൾ കൈയിലേന്തിയാണ് സമാധാനപരമായ ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ധ്രുവ് റാഠിയുടെ പിന്തുണ പ്രസ്ഥാനത്തിന് ദേശീയതലത്തിൽ വലിയ ദൃശ്യത നേടിക്കൊടുത്തു. ഇത് സമരത്തിന്റെ അവസാനമല്ല, മറിച്ച് വ്യവസ്ഥാപിത മാറ്റങ്ങൾക്കായുള്ള നിരന്തരമായ സമ്മർദത്തിന്റെ തുടക്കം മാത്രമാണെന്ന് സംഘാടകർ വ്യക്തമാക്കി. യുവാക്കളുടെ ഉണർവിന്റെയും പ്രതിരോധത്തിന്റെയും അടയാളമായി അനുകൂലികൾ ഈ ജനക്കൂട്ടത്തെ ആഘോഷിക്കുമ്പോൾ, പങ്കെടുത്തവരുടെ എണ്ണത്തെ ചോദ്യം ചെയ്തും കനത്ത പോലീസ്-മാധ്യമ സാന്നിധ്യത്തെ ചൂണ്ടിക്കാണിച്ചും വിമർശകരും രംഗത്തെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പകൽ മുഴുവൻ നീണ്ടുനിന്ന പ്രതിഷേധം സമാധാനപരമായാണ് സമാപിച്ചത്.