‘പുതിയ കേസുകളില്ല, ഫലങ്ങൾ നെഗറ്റീവ്’: നിപയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തത വരുത്തി. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്‌ത ആദ്യ സമയത്ത് തന്നെ താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അവിടെനിന്നും പോന്നതെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിലെ മുഴുവൻ കാര്യങ്ങളും ഒരേപോലെ നോക്കേണ്ടതുണ്ട്. നിപ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താൻ തിരുവനന്തപുരത്തേക്ക് പോന്നത്. ഇക്കാര്യത്തിൽ സർക്കാർ വളരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ള വിമർശനങ്ങളെയെല്ലാം വെറും രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ റവന്യൂമന്ത്രി നിലവിൽ കോഴിക്കോടുണ്ട്. വീണുകിട്ടിയ ഒരു രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം നിപയെ ഉപയോഗിക്കുന്നത് ഒട്ടും ശരിയല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരുടെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. ഇനി കാര്യമായ ഫലങ്ങളൊന്നും വരാനില്ല. എങ്കിലും എല്ലാ കേസുകളും ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.