‘നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30-ൽ 29 പരിശോധനാ ഫലങ്ങളും നെഗറ്റീവ്’; ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് നടന്ന അടിയന്തര അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ 30 പരിശോധനകളിൽ 29 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രോഗിക്കുള്ള ആദ്യ ഡോസ് മരുന്ന് ഈ മാസം 12-ന് തന്നെ നൽകിയിട്ടുണ്ട്. ബഹ്റൈനിൽ നിന്നുള്ള മരുന്ന് കഴിഞ്ഞ ദിവസമാണ് എത്തിച്ചത്. ആവശ്യമായ മരുന്നുകൾ കൃത്യസമയത്ത് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും മരുന്നില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ജനുവരി മുതൽ ജൂൺ വരെ 135 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നാല് കുട്ടികൾ ഐസിയുവിലാണ്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടെണ്ണം കോഴിക്കോട്ടും ഒരെണ്ണം മലപ്പുറത്തുമാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകളുള്ളത് (68 പേർ). രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ കിണർ വെള്ളം പരിശോധിക്കാനും ഭക്ഷണശാലകളിൽ കർശന പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
നിപ പ്രതിരോധത്തിനായി മന്ത്രി കോഴിക്കോട്ട് എത്തിയില്ലെന്ന ആക്ഷേപങ്ങളെ അദ്ദേഹം തള്ളി. നിലവിൽ 2018-ലെ സാഹചര്യമല്ല ഉള്ളതെന്നും തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ ഏകോപിപ്പിച്ചാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂനെയിൽ നിന്നുള്ള വിവരം ഡിഎച്ച്എസ് റീന തനിക്ക് കൈമാറാതിരുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ ആശയക്കുഴപ്പമുണ്ടായതെന്നും ഇതിൽ കളക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.