‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര.
ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു പാർലമെന്റിൽ നടന്ന സംഭവം ആദ്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ്, ഭീഷണിപ്പെടുത്തിയ ആ വ്യക്തി ഉവൈസിയാണെന്ന് സ്ഥിരീകരിച്ച് മഹുവ ട്വീറ്റ് ചെയ്തത്. ശീതകാല സമ്മേളനത്തിൽ എസ്‌ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി ശക്തമായി പ്രതിഷേധിക്കുന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം. തൃണമൂൽ കോൺഗ്രസ് എംപിമാർക്കൊപ്പം യൂസുഫ് പത്താനും പ്രതിഷേധത്തിൽ സജീവമായിരുന്നു. എന്നാൽ, ഈ സമയത്ത് സഭയിലെ പ്രമുഖ മുസ്‌ലിം എംപിയായ ഉവൈസി പത്താന്റെ അടുത്തെത്തി പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ സമ്മർദം ചെലുത്തി.
‘ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ നിനക്കെന്താണ് വട്ടായോ? എന്തിനാണ് വെറുതെ അവരെ ശത്രുക്കളാക്കുന്നത്? നീ ഇത് തുടർന്നാൽ ഗുജറാത്തിലുള്ള നിന്റെ വീട് അവർ ബുൾഡോസർ വച്ച് തകർക്കും.’-ഇങ്ങനെയായിരുന്നു ഉവൈസിയുടെ മുന്നറിയിപ്പ്.
ഇതു കേട്ടയുടൻ യൂസുഫ് പത്താൻ പെട്ടെന്ന് തന്നെ പ്രതിഷേധം അവസാനിപ്പിച്ച്, ഭയന്ന് വിറച്ചു സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോയതായി ആഗാ റൂഹുല്ല വെളിപ്പെടുത്തിയിരുന്നു. പത്താന്റെ മുഖത്തെ മാറ്റം കണ്ട് താൻ കാര്യം തിരക്കിയപ്പോഴാണ് ബുൾഡോസർ ഭീഷണിയെക്കുറിച്ച് പത്താൻ വെളിപ്പെടുത്തിയത്. ഈ സമയത്ത് അവിടേക്ക് വന്ന മഹുവ മൊയ്ത്ര, പത്താനെ ആശ്വസിപ്പിക്കുകയും തൃണമൂൽ കോൺഗ്രസ് പൂർണമായി കൂടെയുണ്ടെന്നും ആരും നിന്റെ കുടുംബത്തെ തൊടാൻ ധൈര്യപ്പെടില്ലെന്നും ഉറപ്പുനൽകിയിരുന്നു. ‘നിങ്ങൾ അവന് കാവൽ നിന്നു, പക്ഷേ അവൻ നിങ്ങളുടെ നെഞ്ചിൽ തന്നെ കത്തിയിറക്കി,’ എന്ന് മഹുവയോട് റൂഹുല്ല സഹതാപം പ്രകടിപ്പിച്ചു.
ആഗാ റൂഹുല്ലയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് മഹുവ മൊയ്ത്ര യൂസുഫ് പത്താനെയും ഉവൈസിയെയും ഒരേസമയം കടന്നാക്രമിച്ചത്. ”അതെ സർ, അത് അസദുദ്ദീൻ ഉവൈസി തന്നെയായിരുന്നു. യൂസുഫ് പത്താനെ അന്ന് ഭീഷണിപ്പെടുത്തുന്നത് എനിക്ക് കൃത്യമായി ഓർമയുണ്ട്. ഒരു ധൈര്യവുമില്ലാത്ത, നട്ടെല്ലില്ലാത്ത ഒരു ചതിയന് വേണ്ടി ഞാൻ അന്ന് സഭയിൽ വാദിച്ചതെന്നതിൽ എനിക്ക് കടുത്ത ഖേദമുണ്ട്. ഇവൻ ക്രിക്കറ്റ് കമന്ററി പറയാൻ പോകുന്നതായിരുന്നു നല്ലത്. വെറും ഭീരു”-മഹുവ ആഞ്ഞടിച്ചു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് സ്വദേശിയായ യൂസുഫ് പത്താൻ തൃണമൂൽ ടിക്കറ്റിൽ ബഹറാംപൂരിൽനിന്നു ജയിച്ചത്. പത്താന്റെ കുടുംബത്തിനും അവിടെ വലിയ തോതിലുള്ള സ്വത്തുക്കളുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന രീതി നിലനിൽക്കുന്നതിനാൽ, ഉവൈസി നൽകിയ മുന്നറിയിപ്പ് പത്താനെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ.
ചീഫ് വിപ്പ് കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 തൃണമൂൽ ലോക്സഭാ എംപിമാരാണ് ഇപ്പോൾ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ ഒരുങ്ങുന്നത്. യൂസുഫ് പത്താനും ഇക്കൂട്ടത്തിലുണ്ട്.