‘സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട’; ജൂത റബ്ബിമാരുടെ എതിർപ്പിൽ തീരുമാനം പിൻവലിച്ച് ഇസ്രയേൽ സൈന്യം
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്‌സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്.
സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ഇരുന്ന് ഓപറേഷൻ നടത്തുന്ന യാതൊരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഇസ്രയേൽ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ഇസ്രയേലിലെ പ്രമുഖരായ 25 ‘ഹെസ്ഡർ യെഷിവ’ മതപാഠശാലാ തലവന്മാരായ റബ്ബിമാർ ഒന്നിച്ച് ഒപ്പിട്ട കത്താണ് സൈന്യത്തെ പ്രതിരോധത്തിലാക്കിയത്. തോറ പഠനത്തോടൊപ്പം ഇസ്രയേൽ സൈന്യത്തിൽ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കുന്ന തീവ്ര മതവിശ്വാസികളായ യുവാക്കളുടെ പ്രധാന കേന്ദ്രങ്ങളാണിവ.
ഒരു ടാങ്കിനുള്ളിലെ ഇടുങ്ങിയതും ദിവസങ്ങളോളം അടച്ചുപൂട്ടിയതുമായ അന്തരീക്ഷമാണ് മതനേതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ദിവസങ്ങളോളം നീളുന്ന യുദ്ധമുഖങ്ങളിൽ, ഒരു ചെറിയ ഇരുമ്പ് പെട്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് സൈനികർക്ക് തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കേണ്ടി വരാറുണ്ട്. കടുത്ത മതവിശ്വാസികളായ യഹൂദ യുവാക്കൾക്ക് സ്ത്രീകളോടൊപ്പം ഇത്രയും ഇടുങ്ങിയ സ്ഥലത്ത് ദിവസങ്ങളോളം കഴിയേണ്ടി വരുന്നത് അവരുടെ മതപരമായ മര്യാദകൾക്കും ധാർമികതയ്ക്കും വിരുദ്ധമാണെന്നാണ് റബ്ബികളുടെ വാദം. യഹൂദ മതനിയമപ്രകാരം ഇത്തരമൊരു വ്യവസ്ഥിതിയിൽ ടാങ്ക് യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കുന്നത് പൂർണമായും നിരോധിക്കപ്പെട്ട ഒന്നാണെന്നും അവർ വ്യക്തമാക്കി.
സമ്മർദത്തിനു വഴങ്ങി ഐ.ഡി.എഫ്; സ്ത്രീകളെ അതിർത്തി സംരക്ഷണത്തിലേക്ക് മാറ്റി
റബ്ബികളുടെ കടുത്ത ഭീഷണിക്ക് മുന്നിൽ ഒടുവിൽ ഇസ്രയേൽ സൈന്യത്തിന് തങ്ങളുടെ തന്ത്രങ്ങൾ മാറ്റേണ്ടി വന്നു. ആർമർഡ് കോർപ്‌സിനുള്ളിൽ പുരുഷന്മാരെയും സ്ത്രീകളും മിക്‌സ് ചെയ്ത് വിന്യസിക്കില്ലെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി. പുതിയ തീരുമാനപ്രകാരം, വനിതാ സൈനികരുടെ ടാങ്ക് ഓപറേഷൻ പ്രോഗ്രാം പൂർണമായും ‘ബോർഡർ ഡിഫൻസ് കോർപ്‌സിന്റെ’ കീഴിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു.
ഇറാനെയോ മറ്റ് ശത്രുക്കളെയോ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള യുദ്ധദൗത്യങ്ങളിൽ ഇവരെ ഉൾപ്പെടുത്തില്ല. പകരം ഈജിപ്ഷ്യൻ അതിർത്തികളിൽ പട്രോളിങ് നടത്തുന്ന പ്രത്യേക മിക്‌സഡ് ബറ്റാലിയന്റെ ഭാഗമായി പൂർണമായും സ്ത്രീകൾ മാത്രമുള്ള കമ്പനികളായിട്ടായിരിക്കും ഇവർ പ്രവർത്തിക്കുക. ഒരു ടാങ്കിനുള്ളിൽ നാല് സൈനികരും ഇനി മുതൽ സ്ത്രീകൾ മാത്രമായിരിക്കും.
സൈനിക ക്ഷാമവും രാഷ്ട്രീയ ചേരിതിരിവും
ഒക്ടോബർ 7 ആക്രമണ സമയത്ത് ഇസ്രയേലിന്റെ ഓൾ-വുമൺ ടാങ്ക് ക്രൂവിലുണ്ടായിരുന്ന വനിതാ സൈനികർ അതിർത്തി മേഖലയിൽ കടുത്ത പോരാട്ടം നടത്തുകയും ഹമാസ് സംഘത്തെ വധിക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ സൈനിക മികവിന്റെ വലിയ തെളിവായിട്ടാണ് മനുഷ്യാവകാശ സംഘടനകൾ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളെ മാറ്റിനിർത്തുന്നത് സൈന്യത്തെ കടുത്ത വിവേചനത്തിലേക്ക് നയിക്കുമെന്ന് അവർ കുറ്റപ്പെടുത്തി.
നിലവിലെ കടുത്ത യുദ്ധസാഹചര്യത്തിൽ ഇസ്രയേൽ സൈന്യത്തിന് പതിനായിരത്തിലധികം പുതിയ കമാൻഡോകളെ അടിയന്തരമായി ആവശ്യമുണ്ട്. സൈന്യത്തിൽ ചേരാൻ ഇസ്രയേൽ യുവാക്കൾക്കിടയിൽ കടുത്ത വിമുഖത നിലനിൽക്കുന്നതും സൈന്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനിടയിൽ, വർഷാവർഷം വിരലിലെണ്ണാവുന്ന വനിതാ സൈനികരെ ടാങ്കിൽ കയറ്റാൻ വേണ്ടി, നൂറുകണക്കിന് വരുന്ന ഹെസ്ഡർ യെഷിവ യുവാക്കളെ പിണക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ഐഡിഎഫ് തീരുമാനം മാറ്റിയത്.