‘കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ടാണല്ലോ ഫണ്ട് കിട്ടിയത്, ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യും’: പിഎം ശ്രീയിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നിലവിൽ ബാധ്യസ്ഥരായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ ആലോചിക്കാനും ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും അതിന്റെ ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെന്ത് ചെയ്യാനാകും എന്ന കാര്യം നിയോഗിക്കപ്പെട്ടിട്ടുള്ള ഉപസമിതി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കരിക്കുലത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാരിന്റെ പോളിസികൾ കേരളാ സിലബസിൽ അടിച്ചേൽപ്പിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും, ഈ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാട് കേരളം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം നിലവിൽ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെയും, വർഗീയ അജണ്ടകൾക്ക് ഇടം നൽകാതെയുമിരുന്ന് പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച യുഡിഎഫ്, ഭരണത്തിലേറിയ ശേഷം അനുകൂല നിലപാട് സ്വീകരിക്കുന്നതിനെതിരെ ഇടതുപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുടർനടപടികൾക്കായി ഉപസമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.