കർണാടകയിൽ ‘ഓപറേഷൻ താമര’യ്ക്ക് ചെക്കിട്ട് ഡി.കെയുടെ ‘കൗണ്ടർ ഓപറേഷൻ’; ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച് കോൺഗ്രസ്
ബെംഗളൂരു: ദേശീയരാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടർ’ പരിവേഷം അരക്കിട്ടുറപ്പിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ രാഷ്ട്രീയ പരീക്ഷണത്തിൽ തന്നെ ബി.ജെ.പി ക്യാംപിനെ ഞെട്ടിച്ച നീക്കവുമായി തന്റെ കരുത്ത് വിളിച്ചറിയിച്ചിരിക്കുകയാണ് കർണാടക പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. കർണാടക നിയമസഭാ കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ വൻ വിള്ളലുണ്ടാക്കി വോട്ട് ചോർത്തിയ കോൺഗ്രസ്, ആകെ ഒഴിഞ്ഞുകിടന്ന ഏഴു സീറ്റുകളിൽ അഞ്ചെണ്ണത്തിലും വമ്പൻ വിജയം കൊയ്തു. ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ജെ.ഡി.എസ് സ്ഥാനാർത്ഥി ഒരു വോട്ടുപോലും തികയ്ക്കാനാകാതെ ദയനീയമായി പരാജയപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി ഭരണം പിടിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിന്, അവരുടെ തന്നെ തട്ടകത്തിൽ ക്രോസ് വോട്ടിങ്ങിലൂടെ തിരിച്ചടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. എം.എൽ.സി തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിലൂടെ ചോർന്ന വോട്ടിനെ കുറിച്ചുള്ള ആശങ്കയിലും ഞെട്ടലിലുമാണ് ബി.ജെ.പി-ജെ.ഡി.എസ് സഖ്യം.
സംഖ്യകളിൽ കളിച്ച് ഡി.കെ; കൗൺസിലിൽ അഞ്ചാം സീറ്റും കോൺഗ്രസിന്
നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് കോൺഗ്രസിന് പരമാവധി നാലു സീറ്റുകളിൽ മാത്രമേ സുരക്ഷിതമായി ജയിക്കാൻ കഴിയുമായിരുന്നുള്ളൂ. ഒരു സ്ഥാനാർത്ഥിക്ക് വിജയമുറപ്പിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് വേണ്ടിയിരുന്നത്. സഭയിൽ 135 എംഎൽഎമാരുള്ള കോൺഗ്രസിന് അഞ്ചാമതൊരു സ്ഥാനാർത്ഥിയെക്കൂടി വിജയിപ്പിക്കാൻ വോട്ടുകൾ തികയുമായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നിരയിലെ അസംതൃപ്തിയും ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിലെ വിള്ളലുകളും കൃത്യമായി മുതലെടുത്ത ഡി.കെ അഞ്ചാം സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി കളി തുടങ്ങി.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻ.ഡി.എ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ആകെ ലഭിച്ചത് 151 വോട്ടുകളാണ്. അതായത് കോൺഗ്രസിന്റെ ഔദ്യോഗിക അംഗബലത്തേക്കാൾ 16 വോട്ടുകൾ അധികം! ബി.ജെ.പി ക്യാംപിൽനിന്ന് എട്ടും ജെഡിഎസിൽനിന്ന് നാലുമുൾപ്പെടെ ആകെ 12 വോട്ടുകളുടെ കുറവാണ് പ്രതിപക്ഷ സഖ്യത്തിനുണ്ടായത്. 18 എം.എൽ.എമാരുള്ള ജെ.ഡി.എസിന്റെ സ്ഥാനാർത്ഥി ഗോവിന്ദരാജുവിന് സ്വന്തം പാർട്ടിക്കാരുടെ വോട്ടുപോലും പൂർണമായി നേടാനാകാതെ വെറും 14 വോട്ടുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.
‘ഇത് നിയമസഭാംഗങ്ങൾ കോൺഗ്രസിന് നൽകിയ മാൻഡേറ്റ്’
ഇത് നിയമസഭാംഗങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ കോൺഗ്രസ് സർക്കാരിന് നൽകിയ വലിയ ജനവിധിയാണെന്നാണ് വമ്പൻ വിജയത്തിന് ശേഷം ഡി.കെ ശിവകുമാർ പ്രതികരിച്ചത്. ഞങ്ങൾ ആരോടും വോട്ട് ചോർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷത്തെ എംഎൽഎമാർ അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയിൽനിന്ന് നേരത്തെ തന്നെ അകന്നുനിന്നിരുന്ന എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ തുടങ്ങിയ പ്രമുഖർ കോൺഗ്രസ് സർക്കാരിന്റെ ജനക്ഷേമ നയങ്ങളെ പിന്തുണച്ച് പരസ്യമായി വോട്ട് രേഖപ്പെടുത്തിയതായാണു വിവരം.
തിപ്പണ്ണപ്പ കംക്നൂർ, പി.വി മോഹൻ, ബി.കെ ഹരിപ്രസാദ്, ശിവണ്ണ ബി.എസ്, വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെയാണ് ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൻ വിജയത്തോടെ കർണാടക നിയമസഭാ കൗൺസിലിൽ കോൺഗ്രസ് തങ്ങളുടെ ഭൂരിപക്ഷം കൂടുതൽ ശക്തമാക്കി. മുഖ്യമന്ത്രിയായി അധികം നാളാകും മുൻപ് തന്നെ സംസ്ഥാന ഭരണത്തിൽ തന്റെ ആധിപത്യം ഉറപ്പിക്കാൻ ഡി.കെ ശിവകുമാറിന് ഈ അട്ടിമറി വിജയത്തിലൂടെ സാധിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് കോൺഗ്രസ് ക്യാമ്പിന് ഈ ഫലം ഇരട്ടി ആത്മവിശ്വാസമാണ് നൽകുന്നത്.