24/06/2026
[fontresizer_tawhidurrahmandear_widget]

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

 തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

സുവേന്ദു അധികാരി, മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുടെ ഭരണപാടവത്തെയും രാഷ്ട്രീയ നിലപാടുകളെയും വാനോളം പുകഴ്ത്തിയ മഹുവ, മമത ബാനർജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. സുവേന്ദുവുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയപാതകളിലൂടെയാണ് തങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നതെങ്കിലും സുവേന്ദുവിനോടുള്ള വ്യക്തിപരമായ ബഹുമാനവും കടപ്പാടും തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് മഹുവ വ്യക്തമാക്കി.

‘ഞാൻ കരഞ്ഞ രാത്രികളിൽ സുവേന്ദു ഒപ്പമുണ്ടായിരുന്നു’

സുവേന്ദു അധികാരിയുമായി തനിക്കുള്ള ആഴമേറിയ വ്യക്തിബന്ധത്തെക്കുറിച്ച് മഹുവ മൊയ്ത്ര അഭിമുഖത്തിൽ തുറന്നുപറഞ്ഞത് ഇങ്ങനെയാണ്: ”വ്യക്തിപരമായ തലത്തിൽ സുവേന്ദു അധികാരിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങൾ രണ്ടുപേരും തൃണമൂൽ കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം എനിക്ക് കാവലായി നിന്നു.”

തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാകാത്ത ഒരു പ്രതിസന്ധി ഘട്ടം ഓർത്തെടുത്തുകൊണ്ട് മഹുവ തുടർന്നു: ”2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പാർട്ടി ടിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, അവസാന നിമിഷം എനിക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടു. ആ സങ്കടത്തിൽ അന്ന് രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു. പാർട്ടിയിൽ ആരും എന്നെ ആശ്വസിപ്പിക്കാനില്ലാതിരുന്ന ആ സമയത്ത്, എനിക്ക് ആത്മവിശ്വാസം തരാനും കൂടെ നിൽക്കാനും സുവേന്ദു അധികാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.”

‘മുതിർന്ന നേതാക്കൾ കൈവിട്ടപ്പോഴും സുവേന്ദു റാലിക്കെത്തി’

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരീംപൂർ മണ്ഡലത്തിൽനിന്നാണ് മഹുവ മൊയ്ത്ര തന്റെ ആദ്യ അധികാര രാഷ്ട്രീയ പോരാട്ടം ആരംഭിക്കുന്നത്. അന്നത്തെ അനുഭവങ്ങൾ വിവരിച്ചാണ് സുവേന്ദു നൽകിയ പിന്തുണയെ ഓർമിച്ചത്.

”ഞാൻ ആദ്യമായി കരീംപൂറിൽ മത്സരിക്കുമ്പോൾ തൃണമൂലിലെ ഒരു മുതിർന്ന നേതാവ് പോലും എനിക്ക് വേണ്ടി പ്രചാരണത്തിന് വരാൻ തയാറായില്ല. രാഷ്ട്രീയത്തിൽ ഒട്ടും പരിചയമില്ലാത്ത ഒരു തുടക്കക്കാരിയായിരുന്നു ഞാൻ. എന്നാൽ, എനിക്ക് വേണ്ടി എന്റെ മണ്ഡലത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലി നടത്തിയത് സുവേന്ദു അധികാരിയായിരുന്നു. അതിന്റെ ചിത്രങ്ങൾ ഇന്നും ലഭ്യമാണ്. ആ വേദിയിൽ സുവേന്ദുവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.”-മഹുവ ചൂണ്ടിക്കാട്ടി.

2020-ൽ മമത ബാനർജിയുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സുവേന്ദു തൃണമൂൽ വിട്ടത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലുള്ള യുവനിരയ്ക്ക് പാർട്ടിയിൽ അമിത പ്രാധാന്യം ലഭിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പുറത്തുപോകൽ. പിന്നീട് ബിജെപിയിലെത്തിയ സുവേന്ദു, ഇത്തവണത്തെ ബംഗാൾ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.

അതേസമയം, പാർട്ടി വിട്ട ശേഷം തങ്ങൾ ഇപ്പോൾ പരസ്പരം സംസാരിക്കാറില്ലെങ്കിലും രാഷ്ട്രീയത്തിനപ്പുറമാണ് വ്യക്തിബന്ധങ്ങളെന്നും മഹുവ അടിവരയിട്ടു. ”സുവേന്ദു ഇന്ന് മറ്റൊരു പാർട്ടിയിലേക്ക് മാറിപ്പോയി. അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോൾ സംസാരിക്കാറില്ല. എന്നാൽ, രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം എനിക്ക് നൽകിയ വലിയ സഹായങ്ങൾ അപ്പാടെ മറക്കാൻ എനിക്ക് കഴിയില്ല. വ്യക്തിബന്ധങ്ങൾ പാർട്ടി അതിരുകൾക്ക് അപ്പുറത്താണ്.”-അവർ സൂചിപ്പിച്ചു.

”തൃണമൂലിനെ ശുദ്ധീകരിച്ചതിന് സുവേന്ദുവിന് നന്ദി”

അഭിമുഖത്തിൽ മമത ബാനർജിയുടെ നേതൃത്വ ശൈലിയെയും തൃണമൂലിന്റെ സംഘടനാ പരാജയങ്ങളെയും മഹുവ കടുത്ത ഭാഷയിൽ വിമർശിച്ചു. തൃണമൂൽ കോൺഗ്രസിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിന് കാരണക്കാർ പാർട്ടിയിലെ കഴിവുകെട്ട നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു.

”മമത ബാനർജി എപ്പോഴും നേതാക്കളുമായി വ്യക്തിപരമായ സമവായങ്ങൾ ഉണ്ടാക്കാനാണ് താൽപര്യപ്പെടുന്നത്. പാർട്ടിയുടെ ഏറ്റവും വലിയ പരാജയവും അതുതന്നെയാണ്. യാതൊരു യോഗ്യതയുമില്ലാത്ത, വെറും പാഴ്ജന്മങ്ങളായ നേതാക്കളെപ്പോലും പാർട്ടി ഇതുവരെ താങ്ങിനടന്നു. സ്വന്തം നിലയ്ക്ക് ഒരു തെരഞ്ഞെടുപ്പ് പോലും ജയിക്കാൻ ശേഷിയില്ലാത്ത ഇത്തരം നേതാക്കളെക്കുറിച്ച് ഒരു പുനഃപരിശോധന നടത്താൻ മമത തയ്യാറാകണമായിരുന്നു.”

സുവേന്ദു അധികാരി തൃണമൂലിൽ നടത്തിയ അട്ടിമറിയെ ‘പാർട്ടി ശുദ്ധീകരണം’ എന്നാണ് മഹുവ വിശേഷിപ്പിച്ചത്. മമത ബാനർജിക്ക് ഇത്രയും കാലമായിട്ടും ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം (കഴിവുകെട്ട നേതാക്കളെ പുറത്താക്കൽ) ഒരൊറ്റ ദിവസം കൊണ്ട് സുവേന്ദു അധികാരിയും ബിജെപിയും ചേർന്ന് ചെയ്ത് തീർത്തു. അതിന് താൻ സുവേന്ദുവിനോട് നന്ദി പറയുന്നുവെന്നും മഹുവ പരിഹസിച്ചു.

ബിജെപിയുടെ പ്രവർത്തന ശൈലിക്ക് പ്രശംസ

തൃണമൂൽ നേരിടുന്ന കടുത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ ശക്തമായ രാഷ്ട്രീയ ശൈലിയെയും മഹുവ പുകഴ്ത്തി സംസാരിച്ചു. ‘ബിജെപിക്ക് ശക്തമായ ഒരു കേഡർ സംവിധാനമുണ്ട്. അവർ കൃത്യമായൊരു വ്യവസ്ഥാപിത രീതിയിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് വ്യക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമുണ്ട്. എല്ലാത്തിനുമുപരി, ആ പാർട്ടി ഒരൊറ്റ വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്നും മഹുവ ചൂണ്ടിക്കാട്ടി.

അതേസമയം, തൃണമൂൽ കോൺഗ്രസ് പൂർണമായി കോൺഗ്രസ് പാർട്ടിയിൽ ലയിക്കാൻ പോകുന്നുവെന്ന വാർത്തകൾ മഹുവ നിഷേധിച്ചു. പ്രത്യയശാസ്ത്രപരമായി തൃണമൂൽ കോൺഗ്രസിനോട് ചേർന്നാണ് നിൽക്കുന്നതെങ്കിലും ലയനവാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് അവർ വ്യക്തമാക്കി.

ബംഗാൾ രാഷ്ട്രീയത്തിലെ പുതിയ ചരടുവലികൾ

പാർട്ടിയിൽനിന്നും അണികളിൽനിന്നും മമത പൂർണമായി ഒറ്റപ്പെടുന്ന സമയത്താണ് മഹുവയുടെ പുതിയ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. വിമത എംഎൽഎമാരുടെ ക്യാമ്പ് ഇതിനകം തന്നെ മമതയെ പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തുനിന്നും അഭിഷേകിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിക്കഴിഞ്ഞു. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അവർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്. മമതയുടെ വിശ്വസ്തരായിരുന്ന അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കീം തുടങ്ങിയ പ്രമുഖ നേതാക്കൾ പോലും വിമതർക്കൊപ്പം ചേർന്നു.

നിയമസഭയിൽ 80-ൽ 58 എംഎൽഎമാരും വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കി സ്പീക്കറുടെ അംഗീകാരം വാങ്ങിയതിന് പിന്നാലെ, പാർലമെന്റിലും മമത പൂർണമായി ഒറ്റപ്പെടുകയാണ്. പാർലമെന്റിൽ 20 ലോക്സഭാ എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ(എൻസിപിഐ) ലയിച്ച് ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. സുഖേന്ദു ശേഖർ റോയിയുടെയും സുസ്മിത ദേവിന്റെയും രാജ്യസഭാ രാജികൾക്ക് പിന്നാലെ മഹുവ മൊയ്ത്രയും മമതയെ കൈവിടുമ്പോൾ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ അധ്യായത്തിന് ബംഗാളിൽ അന്ത്യം കുറിക്കുകയാണെന്നാണ് സൂചനകൾ. കൂടുമാറിയ നേതാക്കളുടെ വഴിയേ മഹുവയും ബിജെപിക്കൊപ്പം ചേരുമോ എന്നതാണു രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

മഹുവ മൊയ്ത്രയുടെ മാറ്റത്തിന് പിന്നിൽ?

കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 തൃണമൂൽ ലോക്സഭാ എംപിമാർ എൻഡിഎ സഖ്യത്തെ പിന്തുണച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ, മഹുവ കൂടി വിമത പക്ഷത്തേക്ക് ചേർന്നാൽ വിമതരുടെ നിയമപരമായ ബലം ശക്തമാകും.
അതേസമയം, പണം വാങ്ങി പാർലമെന്റിൽ ചോദ്യം ചോദിച്ചെന്ന കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിബിഐ, ഇഡി അന്വേഷണങ്ങൾ മഹുവയ്ക്ക് നേരെ നിലനിൽക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സഖ്യവുമായി സഹകരണത്തിലെത്തുന്നത് ഈ നിയമക്കുരുക്കുകളിൽനിന്ന് ആശ്വാസം നൽകിയേക്കാം. ഇതിനു പുറമെ, ബംഗാളിൽ തൃണമൂലിന്റെ ഭാവിയും മമതയുടെ സ്വാധീനവും പൂർണമായി തകർന്നുവെന്ന തിരിച്ചറിവും നേതാക്കൾക്കിടയിൽ ശക്തമാണ്.

Also read: