30/07/2026
[fontresizer_tawhidurrahmandear_widget]

‘ചൈന കൃത്രിമ സൂര്യനെ ഉണ്ടാക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി തന്നെ കളിയാക്കിയ കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ്’; അരവിന്ദ് കെജ്രിവാൾ

 ‘ചൈന കൃത്രിമ സൂര്യനെ ഉണ്ടാക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി തന്നെ കളിയാക്കിയ കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ്’; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. ചൈന ‘കൃത്രിമ സൂര്യനെ’ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ തമാശ പങ്കുവെച്ച കുട്ടികൾക്കെതിരെ കേസെടുക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം വിമർശിച്ചു. എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹം വിമർശിച്ചത്.

ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ശുദ്ധ ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കൃത്രിമ സൂര്യനെ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ചൈന മുന്നേറുമ്പോൾ, ഇന്ത്യയിൽ വികസനത്തിന് പകരം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കേസ് കൊടുക്കാനുമാണ് സർക്കാർ സമയം കണ്ടെത്തുന്നത്. കേന്ദ്രത്തിൽ 12 വർഷത്തെ ഭരണത്തിന് ശേഷവും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ദാരുണമായ അവസ്ഥയിലാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ നഗരങ്ങളും റോഡുകളും വെള്ളക്കെട്ടിലാകുകയും പാലങ്ങൾ തകരുകയും മാലിന്യക്കൂമ്പാരങ്ങൾ നിറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ജനപ്രതിനിധികളെ കുതിരക്കച്ചവടം നടത്താനും പ്രതിപക്ഷ പാർട്ടികളെ തകർക്കാനും വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ കാണിക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വിദ്യാഭ്യാസത്തിനും വികസനത്തിനും പ്രാധാന്യം നൽകി രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശേഷിയുള്ള ദീർഘവീക്ഷണമുള്ള ഒരു നേതൃത്വമാണ് ഇന്ത്യക്ക് ആവശ്യപ്പെടാനുള്ളതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Also read: