‘ഗാന്ധിജിയുടെ കൊലയാളികൾക്ക് ഞങ്ങളെ വിമർശിക്കാൻ അവകാശമില്ല’; ആർഎസ്എസിന് മറുപടിയുമായി അഭിജീത് ദീപ്‌കെ
അഭിജീത് ദീപ്‌കെ
ന്യൂഡൽഹി: സിജെപി പ്രവർത്തകർ ദേശവിരുദ്ധരാണെന്ന ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണത്തിന് രൂക്ഷമായ മറുപടിയുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്‌കെ വിമര്‍ശിച്ചു.
നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യത്തെ ദേശവിരുദ്ധനെന്നും ഗാന്ധിയുടെ കൊലയാളികൾക്ക് മറ്റാരെയും ദേശവിരുദ്ധർ എന്ന് വിളിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും ദീപ്കെ തുറന്നടിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തിയ പ്രതിഷേധം വെറുമൊരു സമരമല്ലെന്നും അതിന് പിന്നിൽ പ്രവർത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആർഎസ്എസ് നേതാവ് അതുൽ ലിമായെയുടെ ആരോപണം.
അതേസമയം, അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന്റെയും സാമ്പത്തിക സ്രോതസ്സിന്റെയും പേരിൽ ഉയർന്ന ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് തന്റെ യുഎസ് പഠനം പൂർത്തിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഉടനടി പാലിക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. ജൂലൈ 25-ന് യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കേണ്ട സമയം അതിക്രമിച്ചെന്നും വിവിധ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സർക്കാർ പ്രതിനിധികളുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.