05/08/2026
[fontresizer_tawhidurrahmandear_widget]

‘എത്രരൂപ വേണമെങ്കിലും ചെലവാക്കാം; ക്യാംപുകളിൽ കുറവൊന്നുമുണ്ടാകില്ല’- വി.ഡി സതീശൻ

 ‘എത്രരൂപ വേണമെങ്കിലും ചെലവാക്കാം; ക്യാംപുകളിൽ കുറവൊന്നുമുണ്ടാകില്ല’- വി.ഡി സതീശൻ

പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ക്യാംപുകളിൽ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവെയാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയ അവസ്ഥയാണുള്ളതെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ ക്യാംപുകളിലെ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം ക്യാംപുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് അറിയിച്ചു. ആറൻമുള, റാന്നി, തിരുവല്ല തുടങ്ങിയ മേഖലകളിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി നിലവിൽ സന്ദർശനം തുടരുന്നത്.

സന്ദർശനത്തിനിടെ കോഴഞ്ചേരി റെസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുകയും പ്രദേശത്തെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു.

Also read: