‘ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല, കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്‌നമാണിത്’; മുഹമ്മദ് റിയാസ്
കോഴിക്കോട്: സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ ഇത് കേവലം ഒരു ചോദ്യത്തിന്റെ പ്രശ്നമല്ലെന്നും, കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണെന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി.
കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ കേരളം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
കാസർകോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ഫ്രീഡം ക്വിസ്’ ചോദ്യാവലിയാണ് വിവാദമായത്. “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി” എന്ന ചോദ്യത്തിന് ഉത്തരമായി ‘വി.ഡി സവർക്കർ’ എന്നാണ് നൽകിയിരുന്നത്. ഈ മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ഈ ചോദ്യാവലി തയ്യാറാക്കിയത്. സംഭവത്തിൽ ഇതിനോടകം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.