10/08/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പുവിന്റെ പുസ്‌തകങ്ങൾ വായിക്കൂ’; തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ

 ‘മുസ്‌ലിം ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പുവിന്റെ പുസ്‌തകങ്ങൾ വായിക്കൂ’; തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിൽ വന്ദേമാതര ഗാനാലാപനവും സവർക്കർ വിഷയവും കേന്ദ്രീകരിച്ച് രാഷ്ട്രീയ പോര് കനക്കുന്നു. കാസർകോട്ടെ സ്കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യത്തെച്ചൊല്ലി അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്‌ലിം ലീഗ് ഇടപെടരുതെന്നും അനാവശ്യ പ്രകോപനങ്ങൾക്ക് മുതിരരുതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന വ്യക്തിത്വമാണ് വീർ സവർക്കറെന്നും അദ്ദേഹത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ലീഗ് ശ്രമിക്കേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്സിലൂടെ വ്യക്തമാക്കി. സവർക്കറെ ഇഷ്ടമല്ലെങ്കിൽ മുസ്‌ലിം ലീഗിന് ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രം വളച്ചൊടിക്കാനോ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനോ ഉള്ള നീക്കങ്ങൾക്കെതിരെ ബിജെപി മൗനം പാലിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, കേരളത്തിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതിനെതിരെ ഉയർന്ന എതിർപ്പുകളെയും ബിജെപി നേതൃത്വം രൂക്ഷമായി വിമർശിച്ചു. സവർക്കറുമായി ബന്ധപ്പെട്ട വാക്പോരും തുടർസംഭവങ്ങളും നിലവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Also read: