17/08/2026
[fontresizer_tawhidurrahmandear_widget]

‘ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്തവർക്ക് സിഐ പോസ്റ്റോ?’; ബോഡി ബിൽഡർമാരുടെ നിയമനത്തിൽ മുൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

 ‘ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്തവർക്ക് സിഐ പോസ്റ്റോ?’; ബോഡി ബിൽഡർമാരുടെ നിയമനത്തിൽ മുൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരള പൊലീസിൽ സ്പോർട്‌സ് ക്വാട്ട വഴി ബോഡി ബിൽഡർമാർക്ക് നേരിട്ട് സർക്കിൾ ഇൻസ്പെക്ടർമാരായി (സിഐ) നിയമനം നൽകിയ നടപടിയിൽ മുൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. യോഗ്യരായ രാജ്യാന്തര ഫുട്ബോൾ താരങ്ങളെ തഴഞ്ഞ്, കായികക്ഷമതയില്ലാത്ത രണ്ടുപേർക്ക് ചട്ടങ്ങൾ മറികടന്നാണ് നിയമനം നൽകിയതെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു. നിയമനം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.

നൂറു മീറ്റർ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിയാൻ പോലും കഴിയാത്ത, ശാരീരികക്ഷമതാ പരീക്ഷ ജയിക്കാത്തവർക്കാണ് നേരിട്ട് സിഐ നിയമനം നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി പ്രമോഷൻ കാത്തിരിക്കുന്ന സബ് ഇൻസ്പെക്ടർമാരെ മറികടന്നുള്ള ഈ നിയമനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും കോടതി പറഞ്ഞു.

ഐ.എം. വിജയൻ, ഷറഫലി, കെ.ടി. ചാക്കോ തുടങ്ങിയ പ്രമുഖ രാജ്യാന്തര ഫുട്‌ബോൾ താരങ്ങൾക്ക് പോലും എഎസ്ഐ പോസ്റ്റിലാണ് നിയമനം നൽകിയിരുന്നത്. എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത രണ്ടുപേർക്ക് നേരിട്ട് സിഐ റാങ്ക് നൽകിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിലും വലിയ വീഴ്‌ച സംഭവിച്ചിട്ടുണ്ട്. കായികക്ഷമതാ പരീക്ഷയിൽ ഇവർ പരാജയപ്പെട്ട വിവരം ചീഫ് സെക്രട്ടറി ക്യാബിനറ്റിലേക്ക് തിരിച്ചയക്കുകയോ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ സംസ്ഥാന സർക്കാർ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

Also read: