02/09/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിക്ക് എല്ലാം താനാണ്; താൻ തീരുമാനിക്കും എന്ന ഭാവം, അത് നന്നല്ല’: സിപിഐ മുഖപത്രം

 ‘പിണറായിക്ക് എല്ലാം താനാണ്; താൻ തീരുമാനിക്കും എന്ന ഭാവം, അത് നന്നല്ല’: സിപിഐ മുഖപത്രം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. ‘എല്ലാം താനാണ്, താൻ തീരുമാനിക്കും’ എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്നും പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.

ഉപനേതാവിനെ സിപിഎം നേതാക്കൾക്കിടയിൽ നിന്ന് തന്നെ തീരുമാനിക്കുമെന്നും ഇതേക്കുറിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നുമുള്ള പിണറായിയുടെ പരസ്യപ്രഖ്യാപനമാണ് സിപിഐയെ ചൊടിപ്പിച്ചത്. എന്നാൽ ഇത് ഏകപക്ഷീയമായ തീരുമാനമല്ലെന്ന നിലപാടിലാണ് സിപിഎം. വിഷയം പരസ്യമായി കൈകാര്യം ചെയ്യരുതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, മുതിർന്ന നേതാവെന്ന നിലയിൽ പിണറായി എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

ഉപനേതൃപദവി ന്യായമായ അവകാശമാണെന്നും പിണറായി വഴങ്ങിയില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടുന്നതടക്കമുള്ള കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നും സിപിഐ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. മകളുടെ ഇഡി കേസുമായി ബന്ധപ്പെട്ട് സിപിഐയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിലുള്ള അമർഷമാണ് പിണറായിയുടെ നിലപാടിന് പിന്നിലെന്നാണ് സിപിഐയുടെ നിഗമനം. പ്രശ്നം പരിഹരിക്കാനായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി സിപിഐ നേതൃത്വം വിഷയം വീണ്ടും ചർച്ച ചെയ്യും.

Also read: