യുപിയിൽ പള്ളി പൊളിച്ചുനീക്കി; തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ കളക്ടറേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. വൻ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെയോടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് സ്ഥലത്തേക്ക് പുറപ്പെടാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി ലോക്സഭാ എംപി ഇഖ്റ ഹസനെ പൊലീസ് കൈരാനയിലെ വീട്ടിൽ വീട്ടുതടങ്കലിലാക്കി.
സർക്കാർ ഭൂമി കയ്യേറി അനധികൃതമായാണ് പള്ളി നിർമിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്റെ നടപടി. പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിക്കുകയും പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച അപ്പീൽ ജില്ലാ ജഡ്ജി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാവിലെയോടെ പള്ളി പൊളിച്ചുനീക്കിയത്.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കലെന്ന് സഹാറൻപൂർ ഡിഐജി അഭിഷേക് സിങ് വ്യക്തമാക്കി. പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഭരണകൂട നടപടിക്കെതിരെ ഇഖ്റ ഹസൻ എംപി രംഗത്തെത്തി. സഹാറൻപൂരിലേക്ക് പോകുന്നത് തടയാനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് അവർ ആരോപിച്ചു. തന്നെ തടഞ്ഞതുകൊണ്ട് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് കുറ്റകരമാണോ എന്നും അവർ ചോദിച്ചു.