‘ഇഡിയുടെ ചരിത്രത്തിലെ ഏറ്റവും വ്യക്തമായ തെളിവുള്ള കേസ്; കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു, വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകും’: സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
ന്യൂഡൽഹി: ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ്. ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നു. എന്നാൽ രേഖയിൽ പറയുന്ന ഇടപാടുകളുടെ ബാങ്ക് രേഖകളും തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നത്. പാർട്ടിക്കാരെ കബളിപ്പിക്കാൻ വേണ്ടിയാണ് വിഷയത്തിൽ ഇപ്പോൾ ന്യായങ്ങൾ നിരത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വേട്ടയാടൽ എന്ന ആരോപണം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകും. ഇത് നേരിട്ട് വന്ന ഇഡി കേസ് അല്ല. ഇൻകം ടാക്സ് ആദ്യം പരിശോധന നടത്തിയതാണെന്നും അന്വേഷണ ഏജൻസി ഏത് എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ പുറത്തുവരുമ്പോൾ അന്വേഷണം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ഇത് കോൺഗ്രസ് കൊണ്ടുവന്ന കേസല്ല. മറ്റ് കേസുകളിൽ കാര്യങ്ങൾ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ് ഉള്ളതെങ്കിൽ, ഈ കേസിൽ ആ ഉത്തരവാദിത്വം ആരോപണവിധേയർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.