27/09/2026
[fontresizer_tawhidurrahmandear_widget]

‘കുറി വരച്ചാലും കുരിശ് വരച്ചാലും നിസ്കരിച്ചാലും കേള്‍ക്കുന്നത് ദൈവം’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്

 ‘കുറി വരച്ചാലും കുരിശ് വരച്ചാലും നിസ്കരിച്ചാലും കേള്‍ക്കുന്നത് ദൈവം’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിന് മറുപടി നല്‍കി ഹരിശ്രീ യൂസഫ്

ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റിട്ടയാൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടൻ ഹരിശ്രീ യൂസഫ്. കുറി വരച്ചാലും കുരിശ് വരച്ചാലും കേൾക്കുന്നത് ദൈവമാണെന്നും ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് ഈ നാടിന്റെ ശാപമെന്നും വിഡിയോയിൽ യൂസഫ് വ്യക്തമാക്കുന്നു.

ദേശീയ അവാർഡ് സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കാണ് അബ്ബാസ് എന്ന വ്യക്തി അധിക്ഷേപ കമന്റിട്ടത്. അവാർഡ് വാങ്ങാൻ പോയപ്പോൾ നെറ്റിയിൽ കുറി വരയ്ക്കാൻ മമ്മൂക്ക കുനിഞ്ഞു കൊടുത്തത് വലിയൊരു അപരാധമായി കാണുന്ന ഇയാൾ പൊട്ടക്കിണറ്റിലെ തവളയാണെന്ന് യൂസഫ് പരിഹസിച്ചു. ഞങ്ങൾ കലാകാരന്മാർ വിസ്തൃതമായി ചിന്തിക്കുന്നവരാണെന്നും, മതം മതം എന്ന് പറഞ്ഞു നടന്ന് മനസ്സ് മലിനമാക്കുന്നവർക്കാണ് ഇങ്ങനെ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ പ്രമുഖ ഹോട്ടലുകളിൽ അതിഥികളെ സ്വീകരിക്കുന്ന രീതിയനുസരിച്ചാണ് മമ്മൂട്ടിയെ പൂച്ചെണ്ടും കുറിയും നൽകി സ്വീകരിച്ചത്. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാവരോടും സഹകരിച്ചു വേണം മുന്നോട്ടുപോകാൻ. നാല് തവണ ദേശീയ അവാർഡ് നേടിയ, ലോക മലയാളികൾ ആദരിക്കുന്ന, എത്രയോ കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വലിയ വ്യക്തിത്വത്തെയാണ് ഇത്തരക്കാർ ചീത്ത വിളിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ തന്തയ്ക്ക് വിളിക്കുകയും തെറി പറയുകയും ചെയ്തിട്ട് പടച്ചോനെയും മതത്തെയും കൂട്ടുപിടിക്കുകയാണ് ചിലർ ചെയ്യുന്നത്. മനുഷ്യന്മാരെ നന്നാക്കാനാണ് മതം, തമ്മിൽ തല്ലിക്കാനല്ല. ഈ രീതിയിലുള്ള ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് ഏറ്റവും ഇണങ്ങുന്നത് താലിബാനാണെന്നും, ഇന്ത്യ മഹാരാജ്യത്ത് വർഗീയത ഉണ്ടാക്കുന്നത് ഇങ്ങനെയുള്ളവരാണെന്നും മേലിൽ ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും ഹരിശ്രീ യൂസഫ് വ്യക്തമാക്കി.

Also read: