കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം പോസ്റ്റും പ്രകോപനമായി; കീർത്തനയെ കുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി
കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കീർത്തനയുള്ളത്. ആക്രമണം നടത്തിയ കീർത്തനയുടെ പങ്കാളി കൂടിയായ പ്രതി ജിനീഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതും കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതുമാണ് ആക്രമണത്തിന് പ്രേരകമായതെന്നാണ് പ്രതി ജിനീഷ് പൊലീസിന് നൽകിയ മൊഴി. ആറിലേറെ തവണ ഇയാൾ കീർത്തനയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും വയറിനും കാലിനുമാണ് കുത്തേറ്റത്. കുത്തുന്നതിനിടെ കീർത്തന പ്രതിരോധിച്ചതോടെ കത്തിയുടെ പിടി ഒടിഞ്ഞുപോയി. പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുമ്പോൾ കത്തിയുടെ പിടി മാത്രമാണ് ജിനീഷിന്റെ കൈയിലുണ്ടായിരുന്നത്.
എം.ഡി.എം.എ കേസിൽ ജയിലിലായതോടെ ഇരുവരും അകന്നിരുന്നു. കീർത്തന പിടിയിലായ ശേഷം ജിനീഷ് വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ കീർത്തനയുമായി ഒരു സ്വർണാഭരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും, തുടർന്ന് ഒരു സംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഇയാളെ പ്രകോപിപ്പിച്ചത്. ജാമ്യത്തിലുള്ള കീർത്തന ഒപ്പിടാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്.