‘അമ്മ സംഘടനയ്ക്ക് സ്പെഷൽ കോടതി വേണ്ടി വരുമല്ലോ’: പരിഹസിച്ച് ഹൈക്കോടതി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും തുടർച്ചയായി വരുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അമ്മയിലെ കേസ് നടത്താനായി ഒരു പ്രത്യേക കോടതി തന്നെ വേണ്ടിവരുമെന്നാണ് ഹൈക്കോടതി പരിഹാസരൂപേണ നിരീക്ഷിച്ചത്.
നടി അൻസിബ ഹസനെതിരായ പരാമർശത്തിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിരുന്നു. ഈ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം.
സാധാരണക്കാരുടെ അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും, അതിനിടയിലാണ് ഇത്തരം കേസുകൾ നിരന്തരം കോടതിക്ക് മുന്നിലെത്തുന്നതെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഇവരുടെ പ്രശ്നങ്ങൾ തീർക്കാനേ സമയമുള്ളൂ എന്ന തരത്തിലുള്ള വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്ന് ഹരജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി വെച്ചു.
‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ രൂക്ഷമായതും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ ഉൾപ്പെടെയുള്ള ആരോപണപ്രത്യാരോപണങ്ങളിലേക്ക് വഴിമാറിയതും. ഈ തർക്കങ്ങളുടെ തുടർച്ചയായാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളും പുറത്തുവന്നത്.