28/03/2026
[fontresizer_tawhidurrahmandear_widget]

എസ്ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’; ഉടന്‍ നിര്‍ത്തണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത

 എസ്ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’; ഉടന്‍ നിര്‍ത്തണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത

കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’ ആണെന്നും, കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ നടപടി നീതിയുക്തമായി പൂര്‍ത്തിയാക്കുക അസാധ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലെ ഒരുതരം ‘വോട്ട്ബന്ദി’യാണ് ഇതെന്നും മമത വിമര്‍ശിച്ചു.

നോര്‍ത്ത് ബംഗാളിലെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സിലീഗുരിയില്‍ എത്തിയതായിരുന്നു മമത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനഃപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയും ദുരിതവും ഉണ്ടാക്കാനുള്ള ശ്രമമാണെന്നും, വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്നും അവര്‍ ആരോപിച്ചു. എസ്‌ഐആര്‍ നിര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇത്രയധികം ആളുകള്‍ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഒരു അനുശോചന സന്ദേശം പോലും ഉണ്ടായില്ല. കമ്മീഷന്‍ തങ്ങളുടെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രളയക്കെടുതിയുണ്ടായിട്ടും കേന്ദ്രം ധനസഹായം നല്‍കിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. കൂടാതെ, അതിര്‍ത്തി സുരക്ഷ ബിഎസ്എഫിന്റെ ചുമതലയായിരിക്കെ, നുഴഞ്ഞുകയറ്റത്തിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. എംജിഎന്‍ആര്‍ഇജിഎ, ഗ്രാമീണ ഭവന പദ്ധതി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകള്‍ നാല് വര്‍ഷമായി കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും, ജിഎസ്ടി വലിയ അബദ്ധമാണെന്നും മമത ബാനര്‍ജി ആരോപിച്ചു.

Also read: