‘ഇന്ത്യക്കുള്ളിൽ മറ്റൊരു പാകിസ്താൻ സൃഷ്ടിക്കാനാണ് ഉവൈസിയുടെ ശ്രമം’; രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്
ന്യൂഡൽഹി: മുസ്ലിം യുവാക്കൾക്ക് നേതാക്കളായി ഉയർന്നുവരാൻ അവസരമൊരുക്കുന്നതിനെക്കുറിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉഒവൈസി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഇന്ത്യക്കുള്ളിൽ മറ്റൊരു പാകിസ്താൻ സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നതായും, ഉവൈസിയുടേത് വിഷലിപ്തമായ നിലപാടുകളാണെന്നും അവർ ആരോപിച്ചു.
തെലങ്കാനയാണ് എ.ഐ.എം.ഐ.എമ്മിന്റെ തട്ടകമെങ്കിലും, സംസ്ഥാനത്തെ 119 നിയമസഭാ സീറ്റുകളിൽ കേവലം ഒമ്പതെണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ പാർട്ടി മത്സരിക്കുന്നതെന്ന് ഷമ ചൂണ്ടിക്കാട്ടി. മുസ്ലിം യുവാക്കൾക്ക് അവസരം നൽകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് തെലങ്കാനയിലെ 119 സീറ്റുകളിലും മത്സരിച്ച് യുവാക്കൾക്ക് ടിക്കറ്റ് നൽകുന്നില്ലെന്നും അവർ ചോദിച്ചു. സ്വന്തം സംസ്ഥാനത്ത് കൂടുതൽ സീറ്റുകളിൽ മത്സരിക്കാതെ, മറ്റൊരു സംസ്ഥാനത്ത് പോയി വീമ്പിളക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും ഷമ മുഹമ്മദ് ചോദിച്ചു.
2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാംപൂരിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഉവൈസി വിവാദമായ പരാമർശങ്ങൾ നടത്തിയത്. ഗാന്ധിയെയോ നെഹ്റുവിനെയോ യാദവിനെയോ ഇനി മുസ്ലിം സമുദായത്തിന്റെ നേതാവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, സമുദായത്തിലെ യുവാക്കൾക്കും യുവതികൾക്കും മുൻനിരയിലേക്ക് വരാൻ എ.ഐ.എം.ഐ.എം അവസരമൊരുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റ് സമുദായങ്ങളെപ്പോലെ തന്നെ മുസ്ലിം യുവാക്കൾക്കും മികച്ച കഴിവുണ്ടെങ്കിലും, അവർക്ക് മുന്നോട്ടുവരാൻ കൃത്യമായ വേദിയോ അവസരങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി നേടിക്കൊടുക്കാനും ഇന്ത്യയെ നയിക്കാനും യുവാക്കൾക്ക് എ.ഐ.എം.ഐ.എം ഒരു വേദി ഒരുക്കിനൽകുന്നുണ്ടെന്ന് ഉവൈസി അവകാശപ്പെട്ടു. ഒരു മുസ്ലിം യുവാവ് നേതാവായി ഉയർന്നുവരുന്നത് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളെ ഭയവും അസ്വസ്ഥതയുമെന്നും അദ്ദേഹം യോഗത്തിൽ കൂട്ടിച്ചേർത്തിരുന്നു. ഈ പ്രസ്താവനകളാണ് ഇപ്പോൾ ഷമ മുഹമ്മദിന്റെ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.