അമേരിക്കയ്ക്ക് പ്രതിഭാ ദാരിദ്ര്യമുണ്ട്; പുറത്തുനിന്ന് ആളെ എത്തിക്കേണ്ട സ്ഥിതിയാണ് എച്ച് 1 ബി വിസയില്‍ നിലപാട് മയപ്പെടുത്തി ട്രംപ്
വാഷിങ്ടൺ: എച്ച്1ബി വിസാ പദ്ധതിയെക്കുറിച്ചുള്ള തൻ്റെ മുൻ നിലപാടിൽ അയവ് വരുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചില നിർണായക മേഖലകളിൽ അമേരിക്കയ്ക്ക് വിദേശ പ്രതിഭകളെ ആവശ്യമുണ്ടെന്നും, രാജ്യത്ത് ‘പ്രതിഭാ ദാരിദ്ര്യം’ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് തുറന്നു സമ്മതിച്ചു. കുടിയേറ്റ വിഷയങ്ങളിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ആണ് ഇപ്പൊൾ നയം മാറ്റുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്.
എച്ച്1ബി വിസകൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് അവതാരകൻ ലോറ ഇംഗ്രാഹാമുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിൻ്റെ പ്രതികരണം. യുഎസ്സിൽ ചില വിദഗ്ധ ശേഷികൾ ഉളളവർ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. ദീർഘകാലമായി തൊഴിലില്ലാത്ത അമേരിക്കക്കാർക്ക് മതിയായ പരിശീലനം ഇല്ലാതെ പ്രതിരോധം, അത്യാധുനിക നിർമ്മാണ മേഖലകൾ പോലുള്ള സങ്കീർണ്ണമായ റോളുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
”നിങ്ങൾക്ക് തൊഴിലില്ലാത്തവരുടെ ക്യൂവിൽ നിന്ന് ആളുകളെ എടുത്ത് ‘ഇതാ, നിങ്ങൾ മിസൈലുകൾ ഉണ്ടാക്കാൻ പോകുന്ന ഫാക്ടറിയിൽ കയറൂ’ എന്ന് പറയാൻ കഴിയില്ല. ഇത് അങ്ങനെ നടക്കുന്ന കാര്യമല്ല. രാജ്യത്തിൻ്റെ വ്യാവസായിക, സാങ്കേതിക മുന്നേറ്റം നിലനിർത്താൻ വിദേശ പ്രതിഭകൾ അനിവാര്യമാണ്.”- ട്രംപ് കൂട്ടിച്ചേർത്തു.
ബാറ്ററി നിർമ്മാണം പോലുള്ള സങ്കീർണ്ണമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വിദേശ വിദഗ്ധർ ആവശ്യമായി വന്ന ജോർജിയയിലെ ഹ്യുണ്ടായ് പ്ലാൻ്റിലെ ഐസിഇ റെയ്ഡ് ഉദാഹരണമായി അദ്ദേഹം എടുത്ത് കാണിച്ചു.
അതേസമയം, എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്കാണ്. 2024-ൽ അംഗീകരിച്ച മൊത്തം എച്ച്1ബി വിസകളിൽ 70 ശതമാനത്തിലധികവും ഇന്ത്യൻ തൊഴിലാളികൾക്കാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഉയർന്ന നൈപുണ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇതിന് പ്രധാന കാരണം.
നേരത്തെ, ട്രംപ് ഭരണകൂടം പുതിയ വിസാ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തുകയും, വിസാ ദുരുപയോഗങ്ങൾ അന്വേഷിക്കുന്ന ‘പ്രോജക്ട് ഫയർവാൾ’ എന്ന പേരിൽ 175-ൽ അധികം അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഫ്ലോറിഡാ ഗവർണർ റോൺ ഡെസാന്റിസ് സംസ്ഥാന സർവകലാശാലകളിലെ എച്ച്1ബി വിസകളുടെ ഉപയോഗം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും ഈ വിഷയത്തിലെ ശക്തമായ എതിർപ്പുകൾക്ക് ഉദാഹരണമായിരുന്നു. എന്നാൽ എച്ച്1ബി പരിഷ്‌കരണത്തിൽ തങ്ങളുടെ മുൻഗണന അമേരിക്കൻ തൊഴിലാളികൾക്ക് പ്രാമുഖ്യം നൽകലാണെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.