29/10/2026
[fontresizer_tawhidurrahmandear_widget]

ബിനാമി കേസ് ഒതുക്കാൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഇൻകം ടാക്‌സ് ഇൻസ്‌പെക്ടറെ കസ്റ്റഡിയിലെടുത്ത് സിബിഐ

 ബിനാമി കേസ് ഒതുക്കാൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഇൻകം ടാക്‌സ് ഇൻസ്‌പെക്ടറെ കസ്റ്റഡിയിലെടുത്ത് സിബിഐ

മുംബൈ: സൗത്ത് മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ സിന്ധ്യ ഹൗസിലുള്ള ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിൽ സേവനമനുഷ്ഠിക്കുന്ന ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ സുഭാഷ് യാദവിനെ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വകുപ്പിലെ ബിനാമി നിരോധന യൂണിറ്റിന്റെ പരിഗണനയിലുള്ള ബിനാമി സ്വത്തുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചു നൽകാമെന്ന് ഉറപ്പുനൽകിയാണ് യാദവ് പണം ആവശ്യപ്പെട്ടത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.

ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പണവും കുറ്റകരമായ രേഖകളും കണ്ടെടുത്തതായി സി.ബി.ഐ അറിയിച്ചു. അന്വേഷണവുമായി യാദവ് സഹകരിക്കുന്നില്ലെന്നും കൈക്കൂലി പണത്തെക്കുറിച്ചും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും കൃത്യമായ മറുപടി നൽകുന്നില്ലെന്നും റിമാൻഡ് കോടതിയെ സി.ബി.ഐ അറിയിച്ചു.

പരിശോധനയ്ക്കായി യാദവിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ സി.ബി.ഐ പിടിച്ചെടുത്തു. ഇൻകം ടാക്‌സ് വകുപ്പിലെ ബിനാമി പ്രൊഹിബിഷൻ യൂണിറ്റ്-1 ലെ യാദവിന്റെ ജോലി സംബന്ധിച്ച വിവരങ്ങളും രഹസ്യ വിവരങ്ങളിലേക്കുള്ള പ്രവേശനവും സി.ബി.ഐ അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ 2026 ജൂണിലാണ് പ്രസ്തുത യൂണിറ്റിൽ നിന്ന് സ്ഥലം മാറ്റിയത്. നിലവിൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്.

പരാതിക്കാരന് ഫെബ്രുവരിയിലാണ് ഇൻകം ടാക്‌സ് നോട്ടീസ് ലഭിക്കുന്നത്. തുടർന്ന് സിന്ധ്യ ഹൗസിലെ ഇൻകം ടാക്‌സ് ഓഫീസിലെത്തിയ ഇയാൾ, യാദവിന്റെയും മറ്റൊരു ഇൻസ്‌പെക്ടറുടെയും സാന്നിധ്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥന് വിശദീകരണം സമർപ്പിച്ചു.

തുടർന്ന് കേസിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി സിന്ധ്യ ഹൗസിലേക്ക് മടങ്ങിയെത്തണമെന്ന് നിർബന്ധിച്ച് രണ്ട് ഇൻസ്‌പെക്ടർമാരും ഇയാളെ നിരന്തരം ഫോണിൽ വിളിച്ചു. സിന്ധ്യ ഹൗസിൽ വെച്ച് കണ്ടുമുട്ടിയ ശേഷം, രണ്ട് ഇൻസ്‌പെക്ടർമാരും ഇയാളെ അടുത്തുള്ള വഴിയോര ചായക്കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐയെ സമീപിക്കുകയായിരുന്നു.

തുടർന്ന് സി.ബി.ഐ കെണിയൊരുക്കുകയും ചൊവ്വാഴ്ച പരാതിക്കാരനിൽ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ യാദവിനെ കൈയോടെ പിടികൂടുകയുമായിരുന്നു.

Also read: