വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ വീണ്ടും ഇസ്രയേല്‍ നരനായാട്ട്; 25 മരണം
ഗസ്സ സിറ്റി: ആറ് ആഴ്ചയായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നരനായാട്ട്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗസ്സയില്‍ 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുനമ്പില്‍ ബുധനാഴ്ച നടന്ന നാല് ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തങ്ങളുടെ സൈനികര്‍ക്കെതിരെ ഫലസ്തീന്‍ സംഘങ്ങള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരിച്ചടി നല്‍കിയതെന്നും ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേല്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല.
ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. വെടിനിര്‍ത്തല്‍ പാലിക്കാനായി ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഹമാസ് അമേരിക്കയോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ തകര്‍ക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
സെയ്തൂണ്‍, ഷെജായ എന്നിവിടങ്ങളിലും തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലുമാണ് ആക്രമണങ്ങള്‍ നടന്നത്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഖാന്‍ യൂനിസിലെ യുഎന്‍ ക്ലബിലും ആക്രമണം നടന്നു.