ടാറ്റയുടെ സെമി കണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ബിജെപി അക്കൗണ്ടില്‍ എത്തിയത് 758 കോടി!
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ ടാറ്റാ ഗ്രൂപ്പിന്റെ സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി നാലാഴ്ചയ്ക്കുള്ളില്‍, ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് ശതകോടികള്‍ സംഭാവന ചെയ്തതായി റിപ്പോര്‍ട്ട്. 758 കോടി രൂപയാണ് ടാറ്റ ഒറ്റയടിക്ക് ബിജെപിക്കു സംഭാവനയായി നല്‍കിയത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇതെന്നതാണു ശ്രദ്ധേയം.
ദേശീയ വാര്‍ത്താ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഇതുമായി ബന്ദപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി, 2024 ഫെബ്രുവരി 29നാണ് കേന്ദ്രമന്ത്രിസഭ മൂന്ന് സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ യൂനിറ്റുകള്‍ക്ക് വേണ്ടിവരുന്ന മൂലധനച്ചെലവിന്റെ പകുതി, അതായത് 44,203 കോടി രൂപ സബ്‌സിഡിയായി കേന്ദ്രം വഹിക്കും.
ഈ സുപ്രധാന തീരുമാനം വന്ന് കൃത്യം നാലാഴ്ചക്ക് ശേഷം, ഏപ്രില്‍ മാസത്തില്‍, ടാറ്റാ ഗ്രൂപ്പ് അവരുടെ പ്രോഗ്രസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റ് വഴിയാണ് ബിജെപിക്ക് 757.6 കോടി രൂപ കൈമാറിയത്. 2024-25 കാലയളവില്‍ ടാറ്റാ ഗ്രൂപ്പിന്റെ 15 കമ്പനികള്‍ ചേര്‍ന്ന് 915 കോടി രൂപയുടെ രാഷ്ട്രീയ സംഭാവനയാണ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി നല്‍കിയത്. ഇതില്‍ 82 ശതമാനത്തോളം തുക ബിജെപിക്കാണ് ലഭിച്ചത്.
കോണ്‍ഗ്രസിന് ടാറ്റ നല്‍കിയത് 77.3 കോടി രൂപയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ ഉള്‍പ്പെടെയുള്ള മറ്റ് എട്ട് പാര്‍ട്ടികള്‍ക്ക് 10 കോടി രൂപ വീതവും ലഭിച്ചു.
സെമികണ്ടക്ടര്‍ പ്രോജക്റ്റുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ച കോര്‍പ്പറേറ്റുകള്‍ ഉടന്‍തന്നെ ബിജെപിക്ക് സംഭാവനകള്‍ നല്‍കുന്ന ഒരു പൊതു പ്രവണതയുടെ ഭാഗമാണ് ഈ സംഭാവനയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.