02/04/2026
[fontresizer_tawhidurrahmandear_widget]

ഹമാസിന്റെ ‘തൂഫാനുല്‍ അഖ്‌സ’ ആക്രമണത്തിനിടെ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

 ഹമാസിന്റെ ‘തൂഫാനുല്‍ അഖ്‌സ’ ആക്രമണത്തിനിടെ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’ ആക്രമണത്തിനിടെ പുതിയ മൊസാദ് തലവന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്, ഇസ്രയേല്‍ ചാരസംഘത്തിന്റെ തലപ്പത്തേക്ക് എത്തുന്ന റോമന്‍ ഗോഫ്മാന്‍ ആണ് യുദ്ധക്കളത്തില്‍നിന്ന് പിന്മാറുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇസ്രയേലി മാധ്യമങ്ങള്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ അദ്ദേഹം ‘ഓടിരക്ഷപ്പെടുന്നതായി’ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അദ്ദേഹം പോരാട്ടത്തിനിടെ പരിക്കേറ്റ് ചികിത്സക്കായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഗസ്സ അതിര്‍ത്തിയിലെ സെദറോത്തിനു സമീപമുള്ള ഷാറ ഹനെഗേവ് ജങ്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. അന്ന് ടിസെലിം ബേസ് കമാന്‍ഡറും ബ്രിഗേഡിയര്‍ ജനറലുമായിരുന്ന ഗോഫ്മാന്‍, ആക്രമണമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ഹമാസ് സംഘങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങളില്‍ അദ്ദേഹം ആക്രമണകാരികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും പിന്നീട് വെടിയേറ്റ് വീഴുന്നതും വ്യക്തമാണെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഹമാസ് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഗോഫ്മാനെ യുണൈറ്റഡ് ഹട്ട്സാല പാരാമെഡിക്കല്‍ സംഘമാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് അഷ്‌കെലോണിലെ ബാര്‍സിലായ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

നിലവിലെ മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ കാലാവധി 2026-ല്‍ അവസാനിക്കുമ്പോള്‍ ഗോഫ്മാനെ ആ സ്ഥാനത്തേക്ക് നിയമിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചിരുന്നു. എന്നാല്‍, രഹസ്യാന്വേഷണ രംഗത്ത് മുന്‍പരിചയമില്ലാത്ത ഒരാളെ മൊസാദ് തലവനാക്കുന്നത് സ്ഥാപനത്തിന് തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പഴയ ദൃശ്യങ്ങള്‍ പുറത്തുവരുന്നതും കൂടുതല്‍ ചര്‍ച്ചകള്‍ക്കിടയാക്കുന്നതും.

Also read: