കേന്ദ്രം ഒഴിവാക്കിയ ഗാന്ധിജിയുടെ പേര് ഏറ്റെടുത്ത് മമതാ സര്‍ക്കാര്‍; ബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി ഇനി ‘മഹാത്മശ്രീ’
കൊല്‍ക്കത്ത: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനം സ്വന്തം നിലയില്‍ നടപ്പാക്കി വരുന്ന തൊഴിലുറപ്പ് പദ്ധതിയായ ‘കര്‍മശ്രീ’യുടെ പേര് ‘മഹാത്മശ്രീ’ എന്ന് പുനര്‍നാമകരണം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രം പുതിയ ബില്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് മമതാ ബാനര്‍ജിയുടെ തീരുമാനം.
മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി ‘വികസിത് ഭാരത് ഗ്രാമീണ്‍ റോസ്ഗാര്‍ ഏവം മാനവ് വികാസ് ഗ്യാരണ്ടി’ (VB-G-RAM-G) എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപിതാവിനോടുള്ള അനാദരവാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ച് തങ്ങളുടെ പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്.
‘അവര്‍ ഗാന്ധിജിയുടെ പേര് പദ്ധതിയില്‍നിന്ന് നീക്കം ചെയ്തു. എന്നാല്‍, ഞങ്ങള്‍ അത് നിലനിര്‍ത്തും. നാളെ മുതല്‍ ഞങ്ങളുടെ തൊഴിലുറപ്പ് പദ്ധതി മഹാത്മശ്രീ എന്നറിയപ്പെടും,’ – മമതാ ബാനര്‍ജി വ്യക്തമാക്കി. ഗാന്ധിജിയുടെ ആശയങ്ങള്‍ ഗ്രാമീണ വികസനത്തില്‍ അവിഭാജ്യമാണെന്നും അദ്ദേഹത്തെ തഴയുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍നിന്നുള്ള ഫണ്ട് ലഭ്യതയിലെ തടസ്സങ്ങളെത്തുടര്‍ന്ന്, സംസ്ഥാനത്തെ ജോബ് കാര്‍ഡ് ഉടമകള്‍ക്ക് 50 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുന്നതിനായി ബംഗാള്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു ‘കര്‍മശ്രീ’. കേന്ദ്രം എം.ജി.എന്‍.ആര്‍.ഇ.ജി.എ ഫണ്ട് തടഞ്ഞുവെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. ഇപ്പോള്‍ പേരുമാറ്റത്തിലൂടെ കേന്ദ്രത്തിനെതിരെ രാഷ്ട്രീയമായ മറ്റൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ് മമതാ സര്‍ക്കാര്‍.