‘ഇതാണ് അദാനിഫൈഡ് ഇന്ത്യ’; മോദി അധികാരമേറ്റ ശേഷം അദാനി നേടിയ വളര്‍ച്ച അക്കമിട്ടു നിരത്തി രാജ് താക്കറെയുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍
മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ കൈകോര്‍ത്ത് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും. 15-ന് നടക്കാനിരിക്കുന്ന മുംബൈ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന മഹാറാലിയിലാണ് ഇരുവരും ഒന്നിച്ചത്. വേദിയില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. മുംബൈയെ ഗുജറാത്ത് ലോബിക്ക് വില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. മോദി അധികാരമേറ്റ ശേഷം അദാനിക്കുണ്ടായ വളര്‍ച്ച വേദിയില്‍ രാജ് താക്കറെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കുകയും ചെയ്തു.
2014ല്‍ മഹാരാഷ്ട്രയില്‍ വെറുമൊരു പദ്ധതി മാത്രമുണ്ടായിരുന്ന അദാനി ഗ്രൂപ്പ്, 2025 ആയപ്പോഴേക്കും വൈദ്യുതി, സിമന്റ്, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ആധിപത്യം സ്ഥാപിച്ചതായി രാജ് താക്കറെ ചൂണ്ടിക്കാട്ടി. ഇതിന്റെ മാപ്പുകളും അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. മുംബൈ മഹാരാഷ്ട്രയ്ക്ക് ലഭിച്ചതില്‍ അതൃപ്തിയുള്ള ചില ശക്തികള്‍ അദാനിയെ ഉപയോഗിച്ച് നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താരാപൂര്‍ ആണവ പദ്ധതി, തുംഗരേശ്വര്‍ വനഭൂമി, ധാരാവി പുനരുദ്ധാരണം, സ്മാര്‍ട്ട് മീറ്റര്‍ തുടങ്ങി നിരവധി പദ്ധതികള്‍ അദാനിക്ക് നല്‍കിയതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ബിജെപി അഴിമതിക്കും വര്‍ഗീയതയ്ക്കും മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന് ഉദ്ദവ് താക്കറെ വിമര്‍ശിച്ചു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഹിന്ദു-മുസ്‌ലിം അല്ലെങ്കില്‍ ഹിന്ദു-മറാത്തി വിഭജനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈ കോര്‍പറേഷന്‍ ഭരണം കൈക്കലാക്കി നഗരത്തെ കൊള്ളയടിക്കാനാണ് ശിവസേനയുമായുള്ള സഖ്യം ബിജെപി വേണ്ടെന്നു വെച്ചതെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.
റാലിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും അദാനിക്കെതിരായ പ്രചാരണം ശക്തമായി. 11 വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പ് രാജ്യവ്യാപകമായി വളര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോ രാജ് താക്കറെ എക്‌സില്‍ പങ്കുവെച്ചു. മറാത്തി ജനതയുടെ നിലനില്‍പ്പിനായുള്ള അവസാന അവസരമാണിതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇരുനേതാക്കളും പ്രസംഗം അവസാനിപ്പിച്ചത്. പവര്‍പോയിന്റ് പ്രസന്റേഷന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.