‘ട്രംപിനെ ഇസ്രയേൽ വരുതിയിലാക്കി’; എപ്സ്റ്റീൻ രേഖകളിൽ മൊസാദിന്റെ ഗൂഢനീക്കം; സ്‌ഫോടനാത്മക വെളിപ്പെടുത്തലുകളുമായി എഫ്ബിഐ
വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് വഴങ്ങിക്കൊടുത്തു എന്നും, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ട്രംപിന് മേൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്നും എഫ്ബിഐയുടെ രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബാച്ച് രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
എഫ്ബിഐയുടെ ‘വിശ്വസനീയമായ രഹസ്യ ഉറവിടം’ നൽകിയ മൊഴികൾ എന്നു വിശദീകരിക്കുന്ന രേഖകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അഭിഭാഷകനും പ്രമുഖ നിയമവിദഗ്ദ്ധനുമായ അലൻ ഡെർഷോവിറ്റ്‌സിനെ മൊസാദ് തങ്ങളുടെ വരുതിയിലാക്കിയിരുന്നുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തന്റെ സ്വാധീനം ഉപയോഗിച്ച്, സമ്പന്നരും രാഷ്ട്രീയ സ്വാധീനമുള്ളവരുമായ വിദ്യാർത്ഥികളെ ഇസ്രയേലി രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ ഡെർഷോവിറ്റ്‌സ് ശ്രമിച്ചിരുന്നതായും ഫയലുകൾ പറയുന്നു.
ആഗോളതലത്തിൽ ഉന്നതരുമായുള്ള ജെഫ്രി എപ്സ്റ്റീന്റെ ബന്ധം കണക്കിലെടുത്ത്, അദ്ദേഹത്തെയും സമാനമായ രീതിയിൽ ഇസ്രയേൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം എന്ന് എഫ്ബിഐ സംശയിക്കുന്നു. ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കളെ സമ്മർദത്തിലാക്കാൻ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക്കിങ് ശൃംഖലയെ ഒരു ആയുധമായി ഉപയോഗിച്ചുവോ എന്ന സംശയമാണ് റിപ്പോർട്ടുകൾ ബലപ്പെടുത്തുന്നത്.
ട്രംപിന്റെ മരുമകനും മുൻ ഉപദേശകനുമായ ജാരെദ് കുഷ്‌നർക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. കുഷ്‌നർക്ക് ട്രംപ് ഭരണകൂടത്തിൽ അമിതമായ സ്വാധീനമുണ്ടായിരുന്നുവെന്നും, റഷ്യൻ സാമ്പത്തിക ഇടപാടുകളിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കുഷ്‌നറുടെ കുടുംബത്തിന് ‘അൾട്രാ സയണിസ്റ്റ്’ ശൃംഖലയായ ചബാദുമായി ബന്ധമുണ്ട്. റഷ്യൻ നിക്ഷേപങ്ങൾ അമേരിക്കൻ റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്ക് (ഉദാഹരണത്തിന് ‘Cadre’ പ്ലാറ്റ്ഫോം) വകമാറ്റിയിട്ടുണ്ടെന്നും എഫ്ബിഐ രേഖകൾ സൂചിപ്പിക്കുന്നു.
ട്രംപിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ബെവർലി ഹിൽസിലെ ഒരു മാളിക ട്രംപ് 41 ദശലക്ഷം ഡോളറിന് വാങ്ങുകയും പിന്നീട് 95 ദശലക്ഷം ഡോളറിന് വിദേശ ബന്ധമുള്ള ഒരു ഷെൽ കമ്പനിക്ക് വിൽക്കുകയും ചെയ്തതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ ലക്ഷണങ്ങളുണ്ടെന്നും, ഇത് അന്വേഷിക്കേണ്ടതാണെന്നും സോഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.
ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് 30 ലക്ഷത്തിലധികം പേജുകൾ, 2000 വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവയാണ് യുഎസ് നീതിന്യായ വകുപ്പ് പരിശോധനയ്ക്ക് ശേഷം പുതുതായി പുറത്തുവിട്ടിരിക്കുന്നത്. എപ്സ്റ്റീനുമായി 90-കളിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ജയിലിൽ വെച്ച് എപ്സ്റ്റീൻ ആത്മഹത്യ ചെയ്‌തെങ്കിലും, അതിന് പിന്നിലെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.