02/03/2026
[fontresizer_tawhidurrahmandear_widget]

യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

 യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അമേരിക്കൻ ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സൈനിക നീക്കങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം നയതന്ത്ര തലത്തിലും തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ചൊവ്വാഴ്ച ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മൊസാദ് മേധാവി ഡേവിഡ് ബാർണിയ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തുടർന്ന്, വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഈ ചർച്ചയിൽ സ്റ്റീവ് വിറ്റ്കോഫിനൊപ്പം ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നറും പങ്കെടുക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായാണ് ഇവർ ചർച്ച നടത്തുക. സൗദി അറേബ്യ, ഖത്തർ, യുഎഇ, ഈജിപ്ത്, പാകിസ്താൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Also read: