അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്
ബെയ്ജിങ്/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ ലക്ഷ്യം നിർണയിക്കാൻ സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഇറാനെതിരായ നീക്കങ്ങൾക്കായി അമേരിക്ക രഹസ്യമായി ഒരുക്കിയ പ്രതിരോധ കവചമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ സൈനിക വിന്യാസങ്ങളെ ദുർബലപ്പെടുത്താനും, ഇറാന് മേൽക്കൈ നൽകാനും ഇത് സഹായിച്ചേക്കും. അമേരിക്കയുടെ പാട്രിയറ്റ്, താഡ് സംവിധാനങ്ങൾ എവിടെയൊക്കെയാണെന്ന് ലോകത്തെ അറിയിക്കുന്നതിലൂടെ, വരാനിരിക്കുന്ന സംഘർഷത്തിൽ അമേരിക്കൻ സൈനികരെ എളുപ്പത്തിൽ ആക്രമിക്കാൻ ശത്രുക്കൾക്ക് അവസരമൊരുങ്ങുകയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
വാണിജ്യ ഉപഗ്രഹങ്ങളുടെ മറവിൽ ചൈന നടത്തുന്ന ‘ബഹിരാകാശ ചാരപ്പണി’യാണിതെന്നാണ് യുഎസ് പ്രതിരോധ വൃത്തങ്ങൾ ആരോപിക്കുന്നത്. ചൈനീസ് നീക്കം അമേരിക്കൻ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ഇറാനെ സംരക്ഷിക്കാൻ ചൈന ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായി കൂടി ഇതിനെ വിലയിരുത്തുന്നുവരുണ്ട്. ജോർദാനിലെ മരുഭൂമിയിൽ ഒളിപ്പിച്ചുവെച്ച അമേരിക്കൻ ആയുധങ്ങൾ ഇനി സുരക്ഷിതമല്ലെന്നും, അവ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലാണെന്നും ഓർമിപ്പിക്കുന്നതാണ് ചൈനയുടെ പുതിയ നീക്കങ്ങൾ.