ബംഗാളിലും ‘ബുൾഡോസർ രാജ്’; തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് പൊളിച്ചുനീക്കി; ആഹ്ലാദപ്രകടനവുമായി ബി.ജെ.പി
ഡയമണ്ട് ഹാർബർ: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസ് കെട്ടിടം സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതലയിൽ സ്ഥിതിചെയ്യുന്ന അഞ്ചുനില കെട്ടിടമാണ് നിർമാണച്ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. കെട്ടിട നിർമാണത്തിന് യാതൊരുവിധ അംഗീകൃത പ്ലാനും ഇല്ലായിരുന്നുവെന്നും, അനധികൃത നിർമാണമാണെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം.
അഭിഷേക് ബാനർജിയുമായി ബന്ധമുള്ള ‘ലീപ്‌സ് ആൻഡ് ബൗണ്ട്സ്’ എന്ന കമ്പനിയുടെ പേരിലാണ് കെട്ടിടം നിലനിൽക്കുന്ന ഭൂമി വാങ്ങിയിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും നിർമാണാനുമതിയും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഭരണകൂടം മുൻപ് രണ്ട് തവണ അധികൃതർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിന് യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്നാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, പൊളിക്കൽ നടപടികളുടെ ഭാഗമായി പ്രദേശത്ത് വലിയ സംഘർഷസാധ്യത നിലനിന്നിരുന്നു. ഇത് കണക്കിലെടുത്ത് സംസ്ഥാന പോലീസിനൊപ്പം കേന്ദ്ര സായുധ സേനയെയും വൻതോതിൽ വിന്യസിച്ച ശേഷമാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്. നടപടിക്ക് പിന്നാലെ ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം നടത്തി. നിയമവിരുദ്ധമായി നിർമിച്ച കെട്ടിടത്തിനെതിരെയാണ് ഭരണകൂടം ഒടുവിൽ നിയമപരമായ നടപടി സ്വീകരിച്ചതെന്ന് അംതലയിലെ ബി.ജെ.പി എം.എൽ.എയായ അഗ്നിശ്വർ നസ്കർ പ്രതികരിച്ചു.