02/06/2026
[fontresizer_tawhidurrahmandear_widget]

സ്ത്രീധന തർക്കം: യുവതിയെ മാസങ്ങളോലം കക്കൂസിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് ഭർത്താവും കുടുംബവും

 സ്ത്രീധന തർക്കം: യുവതിയെ മാസങ്ങളോലം കക്കൂസിൽ പൂട്ടിയിട്ട് പീഡിപ്പിച്ച് ഭർത്താവും കുടുംബവും

ഡെറാഡൂൺ: യുവതിയെ മാസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച് ഭർത്താവും കുടുംബവും. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരകൃത്യത്തിന് കാരണമായത്. ജീവൻ നിലനിർത്താൻ പച്ച അരിയും കഞ്ഞിവെള്ളവും മാത്രമാണ് ഭർതൃവീട്ടുകാർ നൽകിയിരുന്നത്. ഇതിനു പുറമെ നിരന്തരമായി ശാരീരിക മർദ്ദനങ്ങളും മാനസിക പീഡനങ്ങളും യുവതി ഇരയായിട്ടുണ്ട്.

യുവതിയുടെ വീട്ടുകാർക്ക് ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തതുകൊണ്ട് സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും പ്രാദേശിക സന്നദ്ധ സംഘടനകളും ചേർന്ന് ഭർതൃവീട്ടിൽ നടത്തിയ അടിയന്തര പരിശോധനയിലാണ് അതിക്രൂരമായ ഈ പീഡനം പുറത്തറിഞ്ഞത്. പൂട്ടിയിട്ടിരുന്ന ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ പോലീസ് സംഘം കണ്ടത് അങ്ങേയറ്റം ദയനീയമായ കാഴ്ചയായിരുന്നു. ദീർഘകാലം പോഷകാഹാരം ലഭിക്കാത്തതിനാലും ക്രൂരമായ മർദ്ദനങ്ങൾ ഏറ്റതിനാലും യുവതിയുടെ ശരീരം പൂർണ്ണമായി മെലിഞ്ഞുണങ്ങി അസ്ഥികൂടം പോലുള്ള അവസ്ഥയിലായിരുന്നു. സ്വന്തമായി എഴുന്നേറ്റു നിൽക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത വിധം അവർ ശാരീരികമായി തളർന്നിരുന്നു.

രക്ഷപ്പെടുത്തിയ ഉടൻ തന്നെ പോലീസ് യുവതിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അവർക്ക് തീവ്രപരിചരണവും കൗൺസിലിംഗും നൽകിവരികയാണ്. സംഭവത്തിൽ പോലീസ് യുവതിയുടെ ഭർത്താവ്, ഭർതൃപിതാവ്, ഭർതൃമാതാവ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമം, ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമ ലംഘനം, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Also read: