‘ആത്മരക്ഷയ്ക്കല്ല, കവർച്ചക്കാരെ പിന്തുടർന്ന് വെടിവെച്ചത് അംഗീകരിക്കാനാകില്ല’; ഇറ്റലിയിൽ ജ്വല്ലറി കവർച്ചക്കാരെ കൊലപ്പെടുത്തിയ ഉടമയുടെ 14 വർഷം ശിക്ഷ ശരിവെച്ച് കോടതി
റോം: തന്റെ ജ്വല്ലറിയിൽ കവർച്ച നടത്താനെത്തിയ രണ്ട് കവർച്ചക്കാരെ വെടിവെച്ചുകൊന്ന കേസിൽ ജ്വല്ലറി ഉടമ മാരിയോ റൊഗ്ഗെറോയുടെ അപ്പീൽ ഇറ്റലി പരമോന്നത കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് ലഭിച്ച 14 വർഷവും 9 മാസവും നീളുന്ന തടവുശിക്ഷ കോടതി അന്തിമമായി ശരിവെച്ചു. ഗ്രിൻസെയ്ൻ കാവൂർ എന്ന പട്ടണത്തിൽ 2021 ഏപ്രിൽ 28നാണ് ഈ സംഭവം നടന്നത്. കത്തിയും കളിത്തോക്കുമായി മാരിയോ റൊഗ്ഗെറോയുടെ ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ മൂന്ന് കവർച്ചക്കാർ റൊഗ്ഗെറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തി. തുടർന്ന് കവർച്ച നടത്തിയ ശേഷം പ്രതികൾ ജ്വല്ലറിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയത്ത് റൊഗ്ഗെറോ തന്റെ ലൈസൻസുള്ള തോക്കുമായി അവരെ പിന്തുടർന്ന് പുറത്തേക്ക് വരികയും തെരുവിൽ വെച്ച് അവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
റൊഗ്ഗെറോ നടത്തിയ വെടിവെപ്പിൽ ആൻഡ്രിയ സ്പിനെല്ലി, ഗിസെപ്പെ മസ്സറീനോ എന്നീ രണ്ട് കവർച്ചക്കാർ കൊല്ലപ്പെടുകയും അലസ്സാൻഡ്രോ മോഡിക്ക എന്ന മൂന്നാമന് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നാമൻ പിന്നീട് കവർച്ചയിലെ തന്റെ പങ്ക് സമ്മതിക്കുകയും അയാൾക്ക് 4 വർഷവും 10 മാസവും തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഭാര്യയുടെയും മകളുടെയും ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് താൻ വെടിവെച്ചതെന്നും ഇത് ആത്മരക്ഷാർത്ഥം ചെയ്തതാണെന്നുമാണ് റൊഗ്ഗെറോ കോടതിയിൽ വാദിച്ചത്. 2015ൽ തന്റെ കടയിൽ നടന്ന മറ്റൊരു കവർച്ചയുടെ മാനസിക ആഘാതവും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാണിച്ചു.
എന്നാൽ, കവർച്ചക്കാർ കടയിൽ നിന്നും പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തിൽ റൊഗ്ഗെറോയ്ക്ക് നേരെ യാതൊരുവിധ ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മരക്ഷയ്ക്കുള്ള അവകാശത്തിന്റെ പരിധിക്കപ്പുറം പോയാണ് റൊഗ്ഗെറോ പ്രതികാരം ചെയ്യാനായി വെടിയുതിർത്തതെന്നും കവർച്ചക്കാരെ തെരുവിൽ വെച്ച് വെടിവെച്ചുകൊന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഇറ്റലിയിലെ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ഭിന്നാഭിപ്രായങ്ങൾക്ക് കാരണമായ ഈ കേസിൽ, മൂന്ന് തലങ്ങളിലുള്ള കോടതി വിചാരണകൾക്കൊടുവിലാണ് പരമോന്നത കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്. 2023 ഡിസംബറിൽ പ്രാദേശിക കോടതി ഇയാൾക്ക് 17 വർഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും 2025 ഡിസംബറിൽ അപ്പീൽ കോടതി ഇത് 14 വർഷവും 9 മാസവുമായി കുറച്ചിരുന്നു.
തന്റെ 72ാം വയസ്സിൽ ജയിലിൽ കിടക്കേണ്ടി വരുന്നത് നീതിയല്ലെന്നും തനിക്ക് ഇറ്റാലിയൻ പ്രസിഡന്റിൽ നിന്നും പൊതുമാപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയിലിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് റൊഗ്ഗെറോ മാധ്യമങ്ങളോട് പറഞ്ഞു. റൊഗ്ഗെറോയ്ക്ക് പിന്തുണയുമായി ഇറ്റലിയിലെ ഭരണകക്ഷി പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രായത്തിൽ ഇത്രയും വലിയ ശിക്ഷ നൽകുന്നത് ജീവപര്യന്തത്തിന് തുല്യമാണെന്നും അതിനാൽ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല റൊഗ്ഗെറോയ്ക്ക് പൊതുമാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്താൻ ഭരണകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്നും റൊഗ്ഗെറോയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.