02/06/2026
[fontresizer_tawhidurrahmandear_widget]

‘ഓപറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’; ലഹരിമാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയ്ക്ക് ചൊവ്വാഴ്ച തുടക്കം

 ‘ഓപറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’; ലഹരിമാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയ്ക്ക് ചൊവ്വാഴ്ച തുടക്കം

തിരുവനന്തപുരം: ലഹരിമാഫിയകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ‘ഓപറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെയുള്ളവയുടെ അതിവേഗ വ്യാപനം തടയാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും വാട്‌സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന ഡിജിറ്റൽ സംവിധാനം ഒരുക്കും. കൂടാതെ, ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിങ്ങും നടത്തും. ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായും മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിപ്പിച്ചും ആധുനിക അന്വേഷണ രീതികളിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.

ക്യാമ്പസുകൾ, സ്കൂൾ പരിസരങ്ങൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവയ്ക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികൾ എന്നിവയും കർശന നിരീക്ഷണത്തിലായിരിക്കും. ലഹരി മാഫിയകളിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ചടങ്ങിൽ മന്ത്രിമാരായ കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ, എം. ലിജു, സി.പി ജോൺ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എഡിജിപി എച്ച്. വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുക്കും.

Also read: